കരുളായി മോഡല്‍ പഠിക്കാന്‍ ഹരിതസേന അംഗങ്ങള്‍ക്ക് പരിശീലനം
കരുളായി : അജൈവ മാലിന്യ സംസ്‌ക്കരണത്തിന് മലപ്പുറം ജില്ലയിലെ മാതൃകയായി മാറിയ കരുളായി പഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ സംസ്‌ക്കരണ രീതികള്‍ പഠിക്കാനും നടപ്പാക്കാനും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് അധികൃതര്‍ കരുളായിയിലെത്തി. താഴെ ബൂമിക്കുത്തിലുള്ള മാലിന്യ സംസ്‌ക്കരണ കേന്ദ്രം പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കുന്നതോടൊപ്പം മറ്റ് പഞ്ചായത്തുകള്‍ക്ക് പഠന കേന്ദ്രം കൂടിയാവുകയാണ്. മാലിന്യ സംസ്‌ക്കരണത്തോടചൊപ്പം വരുമാനവും തൊഴിലവസരവും സൃഷ്ടിക്കുന്നതാണ് കരുളായിയിലെ മാലിന്യ സംസ്‌ക്കരണം. ഹരിതസേനാംഗങ്ങള്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ഇതിനോടകം 70 ല്‍ പരം പഞ്ചായത്ത് പ്രതിനിധി സംഘം കരുളായി സന്ദര്‍ശിച്ചതായി പ്രസിഡന്റ് വിശാരിയില്‍ അസൈനാര്‍ പറഞ്ഞു. കരുളായിയിലെത്തിയ ഇരുമ്പിളിയം, വണ്ടൂര്‍, പുല്‍പ്പറ്റ, കീഴുപ്പറമ്പ്, താനൂര്‍, പോരൂര്‍, മുന്നിയൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുള്ള കുടുംബശ്രീ ഹരിതസേന അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ല ഹരിത മിഷനും കുടുംബശ്രീയുമാണ് വിവിധ പഞ്ചായത്തുകള്‍ക്കായി പരിശീലനം നല്‍കുന്നത്. വിശാരിയില്‍ അസൈനാര്‍ ക്ലീന്‍ കരുളായി പദ്ധതി വിശദീകരിച്ചു. ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുല്‍സു, കരുളായി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.മനോജ്, പി.സുനീര്‍, വാര്‍ഡ് അംഗം ഉഷ കുളത്തൂര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി.ഷാജു ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജു, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.