മാലിന്യ സംസ്‌ക്കരണ രംഗത്ത് കരുളായി മാതൃക
മാലിന്യ സംസ്‌കരണ രംഗത്ത് അസാധാരണ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത്. കരുളായി പഞ്ചായത്തിലെ വീടുകളും പരിസരവും മാലിന്യമുക്തമാക്കിയിരിക്കുന്നു. മാലിന്യം എന്ന ഒന്നില്ല എന്ന തത്വത്തില്‍ അധിഷ്ഠിതമായി ക്ലീന്‍ കേരള പദ്ധതിയുടെയും ഹരിതകേരള മിഷന്റെയും പ്രവര്‍ത്തനത്തിലൂടെ കേരളം മുഴുവന്‍ മാതൃകയാക്കേണ്ട പഞ്ചായത്തായി കരുളായി മാറിയിരിക്കുന്നു. വീടുകളില്‍ നിന്നും ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് മറ്റു വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുന്നതാണ് ഈ പദ്ധതി. കരുളായി പഞ്ചായത്തില്‍ മാലിന്യമില്ലെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. ഇ-വേസ്റ്റുകള്‍ തരംതിരിച്ച് വില്‍ക്കുന്നത് എല്ലാവര്‍ക്കും ഒരു മൂലധനമാണ്. മാലിന്യം വിറ്റ് കിട്ടുന്ന കാശും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വയബിലിറ്റി ഫണ്ടും ഉണ്ടെങ്കില്‍ ഏതൊരു പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും മാലിന്യങ്ങള്‍ പൂര്‍ണ്ണമായും സംസ്‌ക്കരിക്കാന്‍ കഴിയും.
പഞ്ചായത്തില്‍ 15 വാര്‍ഡുകളിലായി 5000 ത്തോളം വീടുകളുണ്ട്. മാസത്തില്‍ 3 ദിവസം വീടുകളില്‍ ഹരിതകര്‍മ്മസേന പ്രവര്‍ത്തകരെത്തും. പഞ്ചായത്തിന്റെ സഹകരണത്തോടെ ഓരോ വീടുകളിലും ഓരോ സഞ്ചികള്‍ കുടുംബശ്രീ വഴി വിതരണം ചെയ്തു. ഒരു മാസം വീടുകളിലെ മുഴുവന്‍ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങള്‍ ഈ സഞ്ചിയില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന് വീടുകളില്‍ നിന്നും കടകളില്‍ നിന്നും നിശ്ചിത തുക ഈടാക്കി അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു വരുന്നു.
വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, ബാഗ്, കുട, ചെരുപ്പ് തുടങ്ങിയ മാലിന്യങ്ങള്‍ റീസൈക്ലിംഗിനായി കയറ്റിവിടുന്നു. കമ്പനികള്‍ ആവശ്യപ്പെടുന്ന രീതിയില്‍ തരംതിരിച്ചാണ് റീസൈക്കിള്‍ ചെയ്യുന്നതിനുവേണ്ടി കയറ്റി അയക്കുന്നത്. 18 വനിതാ തൊഴിലാളികളാണ് കരുളായി പഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് മാസം പതിനായിരം രൂപ വരുമാനവും ലഭിക്കുന്നുണ്ട്. പ്ലാന്റും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ഇവരുടെ പങ്ക് പ്രധാനമാണ്. നിശ്ചിത ഇടവേളകളില്‍ ആരോഗ്യ പരിശോനയും ഇവര്‍ക്ക് നല്‍കുന്നുണ്ട്. തുടക്കത്തില്‍ ഒരു വാര്‍ഡില്‍ നിന്ന് 1500 കിലോ മാലിന്യം വരെ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 900 മുതല്‍ 1000 കിലോ വരെയായി കുറഞ്ഞിരിക്കുന്നു.
വാര്‍ഡുതലത്തില്‍ അജൈവ മാലിന്യ ശേഖരണത്തിനായി ശുചിത്വസേന രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌ക്കരിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പരിപാടികളും നടന്നു. മാലിന്യം നിര്‍ബന്ധമായും ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുന്നതിനെപ്പറ്റിയും പ്ലാസ്റ്റിക് ഉപയോഗിച്ചാലുണ്ടാകുന്ന നിയമ നടപടികളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ വിശദീകരണം നല്‍കി വരുന്നു. 2017 മുതല്‍ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. കരുളായി പഞ്ചായത്തിനെ അനുകരിച്ച് തൊട്ടടുത്ത ചാലിയാര്‍ പഞ്ചായത്തിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. കരുളായി പഞ്ചായത്തിലെ ജനങ്ങളെല്ലാം പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിവരുന്നുണ്ട്.