പ്രളയാനന്തരം ഹരിതകേരളം മിഷനോട് ചേർന്ന് പ്രവർത്തിച്ച നൈപുണ്യ കർമ്മസേനക്ക് കേരളത്തിന്റെ ആദരം
പ്രളയ ദുരന്ത മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച നൈപുണ്യ കര്‍മ്മസേനയിലെ അംഗങ്ങളെ ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും ചേർന്ന് ആദരിച്ചു. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ 09.10.2018 രാവിലെ 10 മണിക്ക് നടക്കുന്ന അനുമോദന ചടങ്ങ് ബഹു.തൊഴില്‍ നൈപുണ്യം, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സൺ ഡോ.ടി.എന്‍.സീമ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ.ബി.സത്യന്‍ എം.എല്‍.എ, നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ശ്രീ. ചെറിയാന്‍ ഫിലിപ്പ്, വ്യാവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ബി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിതകേരളം മിഷനുമായി ചേര്‍ന്നുകൊണ്ട് വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയ്‌നികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന 3000 ല്‍ അധികം പേര്‍ അടങ്ങിയ നൈപുണ്യ കര്‍മ്മസേന പ്രളയ ദുരന്ത ബാധിത മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വീടുകളിലെ കേടായ ഉപകരണങ്ങള്‍, ഇലക്ട്രിക് വയറിംഗ്, കാര്‍പ്പന്ററി, വെല്‍ഡിംഗ് തുടങ്ങിയ അറ്റകുറ്റപ്പണികളും നടത്തി. കഴിഞ്ഞ മാസം 9 വരെയുള്ള കാലയളവില്‍ 5480 വീടുകളില്‍ ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ നൈപുണ്യ കര്‍മ്മസേനയുടെ സേവനം ലഭ്യമാക്കി. ഇതുവഴി 4737 വീടുകളിലെ വൈദ്യുതവിതരണ സംവിധാനങ്ങളും 1327 വീടുകളിലെ പ്ലംബിംഗ് ജലവിതരണ സംവിധാനങ്ങളും 1079 ഇലക്‌ട്രോണിക് എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങളും 776 വീടുകളില്‍ വാതില്‍, ജനല്‍, മറ്റ് ഫര്‍ണീച്ചറുകള്‍ എന്നിവയുടെ കേടുപാടുകളും തീര്‍ത്ത് പുനസ്ഥാപിക്കാനായി.