പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന് പച്ചക്കൊടി
കൊല്ലം ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടര്‍ന്ന് ചവറയിലെ ഹരിത കേരളം മിഷന്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിനു പച്ചക്കൊടി. പ്രതിഷേധക്കാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകുമെന്നും കളക്ടര്‍ നേരിട്ടെത്തി ഉറപ്പു നല്കി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ശേഖരിച്ചു പൊടിച്ച് വിവിധ ഏജന്‍സികള്‍ക്കു നല്‍കുന്നതിനായി ചവറ പഞ്ചായത്ത് സ്ഥാപിച്ച യൂണിറ്റാണു പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യാനാകാതെ നീണ്ടത്. പഞ്ചായത്തിലെ കൃഷ്ണന് നട വാര്‍ഡിലെ അംബേദ്കര്‍ കോളനിയിലാണ് യൂണിറ്റ് സ്ഥാപിച്ചത്. കോളനിയിലെ പഞ്ചായത്ത് വക സ്ഥലത്തു കെട്ടിടം നിര്‍മ്മിച്ചു മെഷീനുകളും സ്ഥാപിച്ചു. എന്നാല്‍ പ്രദേശത്തു രോഗബാധയും അന്തരീക്ഷ മലിനീകരണവും ഉണ്ടാകുമെന്ന് ആരോപിച്ചു കോളനിവാസികള്‍ പ്രതിഷേധവുമായി എത്തി. ആശങ്കകള്‍ പൂര്‍ണ്ണമായും മാറിയതിനെത്തുടര്‍ന്ന് ഷ്രെഡിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങി.