കൈയടി നേടി പ്ലാസ്റ്റിക് സംസ്‌കരണം
പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ പുത്തന്‍ അധ്യായം രചിച്ച് നെടുമങ്ങാട് നഗരസഭ മാതൃകയാവുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം യന്ത്രസഹായത്തോടെ പൊടിച്ച് ടാറിംഗിന് ഉപയോഗപ്പെടുത്തുന്ന തനതു പദ്ധതിക്ക് സര്‍ക്കാരിന്റെ പ്രശംസ നേടാനായി. ഹരിതകേരളം മിഷന്റെയും ക്ലീന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററിന്റെ (എം.ആര്‍.എഫ്) കീഴില്‍ മൂന്ന് മാസത്തിനിടെ നഗരത്തില്‍ നിന്ന് ശേഖരിച്ചത് അയ്യായിരം കിലോ പ്ലാസ്റ്റിക് മാലിന്യമാണ്.
ഇതില്‍ നാലായിരത്തോളം കിലോ പ്ലാസ്റ്റിക് പൊടി രൂപത്തിലാക്കി കഴിഞ്ഞു. ഇവ ക്ലീന്‍ കേരള നിശ്ചിത റേറ്റില്‍ ഏറ്റെടുക്കും ഇതു സംബന്ധിച്ച് കമ്പനിയുമായി നഗരസഭ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച 22 ഗ്രീന്‍ ടെക്‌നീഷ്യന്മാരാണ് പ്ലാസ്റ്റിക് സംഭരിക്കുന്നത്. ഇവരില്‍ 18 പേരും സ്ത്രീകളാണ്. ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ സൂപ്പര്‍വൈസറായും നിയോഗിച്ചിട്ടുണ്ട്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹരിതകര്‍മ്മസേന കച്ചവട സ്ഥാപനങ്ങളും വീടുകളും സന്ദര്‍ശിച്ച് മാലിന്യം ശേഖരിക്കും. കല്ലമ്പാറയിലെ നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് മെറ്റീരിയല്‍ റിക്കവറി സെന്റിന്റെ പ്രവര്‍ത്തനം. പരീക്ഷണാടിസ്ഥാനത്തില്‍ 14 വാര്‍ഡുകളില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് മാലിന്യ സംഭരണം വൈകാതെ 25 വാര്‍ഡുകളില്‍ കൂടി വ്യാപിപ്പിക്കും.