ഓസോണ്‍ സംരക്ഷിക്കാം, നാടിനെ രക്ഷിക്കാം: ഹരിതോത്സവത്തില്‍ ഓസോണ്‍ ദിനം ആചരിച്ചു
ഹരിതകേരളം മിഷന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ ഓസോണ്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാതൃഭൂമി സീഡുമായി ചേര്‍ന്ന് എഴുകോണ്‍ വി.എസ്.വി.എച്ച്.എച്ച്.എസ് തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ തുടങ്ങിയ സ്‌കൂളുകളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓസോണ്‍ ദിനാചരണം നടന്നു. ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. ഹരിതോത്സവത്തിലെ ഏഴാം ഉത്സവമായാണ് ഓസോണ്‍ ദിനാചരണം നടത്തുന്നത്. ഓസോണ്‍ പാളിക്ക് ഹാനികരമാകുന്ന ഏതൊക്കെ ഉപകരണങ്ങള്‍ വീടുകളില്‍ ഉപയോഗിക്കുന്നു എന്നും സി.എഫ്.സി രഹിത ഉപകരണങ്ങള്‍ ഉണ്ടോ എന്നു കണ്ടെത്തുക തുടങ്ങി ഓസോണ്‍ സംരക്ഷണത്തിനായുള്ള നിരവധി നൂതനമായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സാഹസിക പരിശീലന സ്ഥാപനമായ അമാസും മാതൃഭൂമി സീഡ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘ഒന്നിച്ചു നില്‍ക്കാം ഓസോണ്‍ കുടക്കീഴില്‍’ എന്ന പാരിസ്ഥിതിക സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു. നഗരത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിച്ച് അനന്തപുരിയെ പരിസ്ഥിതിവിനാശ വിമുക്തമേഖലയായി കൊണ്ടുവരുന്നതിനുള്ള ആ ചുവടുവയ്പുകൂടിയാണ് ഇത്. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കാലമായി ഓസോണ്‍ സൗഹൃദ കവിതകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍, മുദ്രാവാക്യങ്ങള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ നടത്തി. 500 ലധികം ചാര്‍ട്ടുകളും മുദ്രാവാക്യങ്ങളും കവിതകളും, കഥകളും സ്‌കൂളിലെ ഓസോണ്‍ സൗഹൃദപാതയില്‍ പ്രദര്‍ശിപ്പിച്ചു. അമാസ് ഡയറക്ടര്‍ സി.രാജേന്ദ്രന്‍, വൈസ്പ്രസിഡന്റ് സുനില്‍കുമാര്‍, വൈസ്‌ചെയര്‍മാന്‍ ജ്യോതികുമാര്‍ ജി.എസ്.ഡോ.ടി.ബാബു, പ്രോഗ്രാം ഡയറക്ടര്‍, സി.ഇ.ഡി ആര്‍.ശ്രീജാ ശ്രീധര്‍, സീഡ് ടീച്ചര്‍ കോ- ഓര്‍ഡിനേറ്റര്‍ പ്രീന.എസ് എന്നിവര്‍ സംസാരിച്ചു.