പ്രളയാനന്തര മാലിന്യനിര്‍മ്മാര്‍ജ്ജനം എറണാകുളം ജില്ലയില്‍ പൂര്‍ത്തിയായി

എറണാകുളം ജില്ലയിലെ പ്രളയാനന്തര ശുചീകരണം സമാപിച്ചു. ജില്ലയില്‍ ആകെ 2,12,009 വീടുകള്‍ ശുചീകരിച്ചു. 80,355 കിണറുകളാണ് പ്രളയാനന്തരം ശുചീകരിച്ചത്. 2691 വലിയ മൃഗങ്ങളെയും 2462 ചെറിയ മൃഗങ്ങളെയും 1,45,150 പക്ഷികളെയും മറവ് ചെയ്തു. 11,000 ടണ്‍ മാലിന്യമാണ് ട്രക്കുകളും ടോറസുകളും ഉപയോഗിച്ച് നീക്കം ചെയ്തത്. 3000 വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. പ്രളയാനന്തരം ജില്ല നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി, മാലിന്യ നിര്‍മ്മാര്‍ജ്ജനമായിരുന്നു. കളക്ടറുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തിയത്. 57 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം നാലു സ്ഥലങ്ങളിലാണ് ശേഖരിച്ചത്. ബ്രഹ്മപുരം, അമ്പലമുകള്‍, എടയാര്‍, കളമശേരി എന്നിവിടങ്ങളിലാണ് മാലിന്യശേഖരണ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. അജൈവ -ജൈവ മാലിന്യങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പഞ്ചായത്തുകളില്‍ നിന്ന് നീക്കിയത്. 13,000 ടണ്ണിലധികം ജൈവമാലിന്യങ്ങള്‍ അതത് സ്ഥലങ്ങളില്‍ സംസ്‌ക്കരിച്ചു. ബ്രഹ്മപുരത്ത് 1200 ടണ്‍ മാലിന്യവും ക്ലീന്‍ കേരള കമ്പനി 4800 ടണ്‍ മാലിന്യവും സംസ്‌കരിച്ചു. നീക്കം ചെയ്ത മാലിന്യങ്ങള്‍ ക്ലീന്‍ കേരള, എക്കോ പവര്‍ എന്നീ കമ്പനികളുമായി സഹകരിച്ച് പുനരുല്‍പ്പാദനം നടത്തും. ആക്രി കച്ചവടക്കാരും സഹകരിച്ചു. ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജിത്ത് കരുണ്‍, പി.എന്‍ ശ്രീനിവാസന്‍, പഞ്ചായത്ത് വകുപ്പ് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് സൂപ്പര്‍വൈസര്‍ എന്നിവര്‍ ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags: , , ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM