ഹരിതകേരളം മിഷൻ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ആഘോഷിച്ചു
ഹരിതകേരളം മിഷന്റെ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകുപ്പും – ഹരിതകേരളം മിഷനും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 5 പകല്‍ മൂന്നിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മന്ത്രി.എം.എം.മണി മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി ജലസംരക്ഷണം വിഷയമാക്കി ഹരിതകേരളം മിഷന്‍ നിര്‍മിച്ച ആനിമേഷന്‍ വീഡിയോ പരമ്പര ‘ഇനി ഞങ്ങള്‍ പറയും’ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
പൊതു വിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മിഷന്‍ സംഘടിപ്പിച്ച ഹരിതോത്സവം പരിപാടിയുടെ സംസ്ഥാനതലം ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ച് ഹരിതസൗഹൃദമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കി പത്ത് ഉത്സവം സ്‌ക്കൂളുകളില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. വൃക്ഷത്തൈ നടീല്‍ പരിപാടിയിലൂടെ 2017 ല്‍ 86 ലക്ഷം തൈകളാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നട്ടത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പരിസ്ഥിതിദിനം മുതല്‍ ഹരിതപെരുമാറ്റ ചട്ടത്തില്‍ പൂര്‍ണമായും പങ്കാളികളായി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രഫി അവാര്‍ഡ് സംഘടിപ്പിച്ചു.