ഉദ്യാനം പദ്ധതി മാതൃകാപരം: ഡോ. ടി.എന്‍. സീമ
ചേഞ്ച് ക്യാന്‍ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച് സംരംഭത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യാനം പദ്ധതി മാതൃകാപരമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ. കവടിയാര്‍ മന്‍മോഹന്‍ ബംഗ്ലാവ്, ഗോള്‍ഫ് ലിനക്‌സ് റോഡിലെ മാലിന്യകൂമ്പാരങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റുന്ന ഉദ്യാനം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാണാനെത്തിയതായിരുന്നു ഡോ. ടി.എന്‍.സീമ.
ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ജൈവ മാലിന്യത്തെ ഗ്രോബാഗുകളില്‍ നിറച്ച് അലങ്കാരസസ്യങ്ങള്‍ നടുകയും പ്ലാസ്റ്റിക് അടക്കമുള്ള കഴുകി വൃത്തിയാക്കി റീസൈക്ലിങ് യൂണിറ്റുകളിലേക്ക് അയയ്ക്കുകയുമാണ് പദ്ധതിയിലൂടെ നടക്കുന്നത്. ടെറുമോ പെന്‍പോള്‍ മുഖ്യ സ്‌പോണ്‍സറും ബി.എ.ഐ, സി.ഐ.ഐ, യങ് ഇന്ത്യന്‍സ്, ടി.എ.ടി.എഫ്, ടി.സി.സി.ഐ, റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ എന്നിവ സി ഫൈവിന്റെ മുഖ്യ പങ്കാളികളുമാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ.കെ. വാസുകി എന്നിവരാണ് മാര്‍ഗനിര്‍ദേശികള്‍.
മാതൃക പദ്ധതി വിജയിപ്പിക്കുന്നതിന് ജനങ്ങളുടെ പ്രവര്‍ത്തനവും നിരീക്ഷണവും അനിവാര്യമാണെന്ന് ഡോ. ടി.എന്‍. സീമ പറഞ്ഞു. മ്യൂസിയം സബ് ഇന്‍സ്‌പെക്ടര്‍, വാര്‍ഡ് കൗണ്‍സിലര്‍ മുരളീധരന്‍, കോളജ് വിദ്യാര്‍ഥികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, നെഹ്‌റു യുവ കേന്ദ്ര വോളന്റിയേഴ്‌സ്, നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നത് .
ചേഞ്ച് ക്യാന്‍ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച് സംരംഭത്തിന്റെ ഭാഗമായി ജില്ലയിലെ 36 മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ശുചീകരിച്ച് അലങ്കാരസസ്യങ്ങള്‍, ചുമര്‍ ചിത്രങ്ങള്‍ എന്നിവയിലൂടെ സൗന്ദര്യവത്ക്കരിച്ചു. ഇവയെ മാതൃക റോഡുകളാക്കി മാറ്റി മേല്‍നോട്ടം പ്രദേശവാസിള്‍ക്കു കൈമാറുകയാണ് ലക്ഷ്യം.