ഹരിത ഓഫീസിന് പിന്തുണയേകി സര്‍വീസ് സംഘടനകള്‍

– ഓഫീസുകളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കും
– യോഗം, സമ്മേളനം, പരിപാടികള്‍ എന്നിവ ഹരിതചട്ടം പാലിച്ച് നടത്തും

ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ ഓഫീസുകളില്‍ ഹരിതചട്ടം (ഗ്രീന്‍പ്രോട്ടോക്കോള്‍) നടപ്പാക്കുന്ന നടപടികള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വപിന്തുണയും പ്രഖ്യാപിച്ച് ഒറ്റക്കെട്ടായി സര്‍വീസ് സംഘടനകള്‍. ഓഫീസുകളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിന് പിന്തുണതേടി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി 2018 ജൂലൈ 4 ന് കളക്ടറേറ്റില്‍ വിളിച്ചുകൂട്ടിയ സര്‍വീസ് സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലയിലെ ഓഫീസുകള്‍ ഹരിത ഓഫീസുകളാക്കാന്‍ സംഘടനകള്‍ പിന്തുണ അറിയിച്ചത്.

കളക്ടറേറ്റിലടക്കം ഓഫീസുകളില്‍ സംഘടനകള്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉടന്‍ നീക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സര്‍വീസ് സംഘടനകള്‍ നടത്തുന്ന യോഗങ്ങള്‍, സമ്മേളനങ്ങള്‍, പരിപാടികള്‍ എന്നിവയില്‍ ഹരിതചട്ടം പാലിക്കുമെന്നും സംഘടനകള്‍ ഉറപ്പുനല്‍കി. ഓഫീസുകളിലെയും കാന്റീനുകളിലെയും ചുമരുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍ നീക്കും. പോസ്റ്ററുകളും നോട്ടീസും സ്ഥാപിക്കുന്നതിന് പ്രത്യേക നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഓഫീസുകളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേയുള്ള പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇലപ്പൊതികള്‍ അടക്കം ഉപേക്ഷിച്ച് പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. എല്ലാ ഓഫീസുകളും ഹരിതചട്ടം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രിയേഷന്‍ ക്ലബുകളെ സഹകരണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

കളക്ടറേറ്റില്‍ മാലിന്യസംസ്‌ക്കരണത്തിനായി ബയോ പാര്‍ക്ക് സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഓഫീസുകള്‍ മനോഹരമായും വൃത്തിയായും സൂക്ഷിക്കാന്‍ ജീവനക്കാരുടെ സഹകരണം വേണമെന്നും കളക്ടര്‍ പറഞ്ഞു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ്, സര്‍വീസ് സംഘടന നേതാക്കളായ ബി. അനില്‍കുമാര്‍, യു.എം. നഹാസ്, ആര്‍. വിദ്യാവിനോദ്, പി. ശ്രീകുമാര്‍, ഹരിശ്ചന്ദ്രന്‍നായര്‍, എസ്. സുരേഷ് കുമാര്‍, പി.വി. രഞ്ചുനാഥ്, എ.പി. സുനില്‍, വി.എസ്. രാഗേഷ്, എസ്. സജീവ് കുമാര്‍, കെ.പി. പ്രദീപ്, വി. രാധാകൃഷ്ണപിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. അനൂപ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM