കോട്ടയം ജില്ലയില്‍ 2100 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ 2100 ഏക്കര്‍ തരിശുഭൂമിയില്‍ കൂടി കൃഷിയിറക്കി. മാലിന്യവും ചെളിയും അടിഞ്ഞ് നിര്‍ജീവമായിരുന്ന സ്ഥലത്താണ് ഒരു വര്‍ഷത്തിനുള്ളില്‍ കൃഷിയിറക്കിയത്. കോട്ടയം ജില്ലയില്‍ ആകെയുള്ള 20000 ഹെക്ടര്‍ പാടശേഖരത്തില്‍ 18170 ഹെക്ടറില്‍ നിലവില്‍ കൃഷിയുണ്ട്.
മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയിലൂടെ ജനം ഒറ്റക്കെട്ടായി ഹരിതകേരളത്തിലേക്ക് ചുവടുവച്ചപ്പോള്‍ വീണ്ടെടുത്തത് കാര്‍ഷിക സമൃദ്ധിയുടെ പഴയ പ്രതാപം കൂടിയാണ്. തരിശുകിടന്ന ഭൂരിഭാഗം പാടശേഖരങ്ങളും ഇപ്പോള്‍ ജനകീയ പങ്കാളിത്തത്തോടെ കതിരണിഞ്ഞു കഴിഞ്ഞു. നദീ പുനര്‍സംയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ കൈത്തോടുകള്‍ ശുചീകരിച്ചാണ് തരിശുപാടങ്ങളിലേക്ക് കൃഷിയെത്തിച്ചത്. 71 പഞ്ചായത്തുകളിലായി 200 കിലോമീറ്ററോളം തോടുകളാണ് ഇതുവരെ ശുചീകരിച്ചത്. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നത് തടയാന്‍ ഹരിതകര്‍മ്മസേനയുടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഈ വര്‍ഷം 643 ഹെക്ടറില്‍ കൂടി ഈ വര്‍ഷം നെല്‍കൃഷിയിറക്കും.