അതിയന്നൂരിന് ഇനി ഹരിതബ്ലോക്ക് പഞ്ചായത്ത് കാര്യാലയം

ഹരിതകേരളം പദ്ധതിക്കു മുന്‍തൂക്കം നല്‍കിയും ഹരിതചട്ടം പാലിച്ചും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹരിത ഓഫിസായി. ബ്ലോക്ക് പഞ്ചായത്തിലും അനുബന്ധ ഓഫിസുകളിലും ഹരിത ചട്ടം നടപ്പാക്കിയതായി അതിയന്നൂര്‍ ജോയിന്റ് ബി.ഡി.ഒ. എ.എം. സുശീല പറഞ്ഞു. തണല്‍ മരങ്ങള്‍ നിറഞ്ഞ ബ്ലോക്ക് ഓഫിസ് പരിസരത്ത് പച്ചക്കറി തൈകള്‍, ഔഷധച്ചെടികള്‍, വാഴ, പൂച്ചെടികള്‍ എന്നിവ ഇതിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചു. ചേന, ചേമ്പ്, വാഴ, മഞ്ഞള്‍, ഇഞ്ചി, കാച്ചില്‍ എന്നിവയാണ് ഓഫിസ് വളപ്പില്‍ വിളയുന്നത്. പ്രമേഹ രോഗികള്‍ക്കു ഗുണപ്രദമായ ഡയബറ്റിക് ചീരയും ഇവിടെയുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ക്യാന്റീനിന്റെ ടെറസില്‍ 100 ഗ്രോബാഗുകളിലായി തിരിനനക്കല്‍ സംവിധാനത്തോടുകൂടിയ പച്ചക്കറി കൃഷി യൂണിറ്റ് സ്ഥാപിച്ചു. കത്തിരിക്ക, വഴുതന, പച്ചമുളക്, തക്കാളി, പയര്‍, അമര, ചീര എന്നിവയാണ് ഇവിടെ കൃഷി ചെയ്തത്. നെയ്യാറ്റിന്‍കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അജിതയുടെ സഹായത്തോടെയാണ് ഗ്രോബാഗ് പച്ചക്കറി കൃഷി യൂണിറ്റ് ആരംഭിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എല്ലാ സെക്ഷനുകളും മാലിന്യമുക്തവും പ്ലാസ്റ്റിക് വിമുക്തവുമാക്കി. ഹരിതചട്ടം പാലിക്കുന്നതിന് വിവിധ ഓഫീസുകളില്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാരെ നിയോഗിച്ചു. കുടുംബശ്രീ ക്യാന്റീനിലേക്ക് 100 സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസും വാങ്ങി നല്‍കി. ഇതിന്റെ ഭാഗമായി മാലിന്യ സംസ്‌കരണത്തിനും മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനുമുള്ള യൂണിറ്റും സ്ഥാപിച്ചു. നെല്‍കൃഷി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. അതിയന്നൂര്‍ പഞ്ചായത്തിലെ ഒട്ടേറെ കര്‍ഷകര്‍ ഇതിന്റെ ഭാഗമായി നെല്‍ കൃഷി ആരംഭിച്ചു.

പുനരുപയോഗയോഗ്യമായ വസ്തുക്കളുടെ കൈമാറ്റം ലക്ഷ്യമാക്കി ബ്ലോക്ക് ഓഫീസ് ഹാളില്‍ സ്വാപ്പ് ഷോപ് സംഘടിപ്പിച്ചതു ശ്രദ്ധ നേടി. തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ആദ്യ സ്വാപ്പ് ഷോപ്പാണ് ഇവിടെ സംഘടിപ്പിച്ചത്. വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജലസംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള കര്‍മ പദ്ധതിയും നടപ്പാക്കുന്നുണ്ട്. എല്ലാ ഗ്രാമപഞ്ചായത്തുകളും തരിശു രഹിതമാക്കുന്ന തിന്റെ ഭാഗമായി ലഭ്യമായ സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി, വാഴകൃഷി, കിഴങ്ങു വര്‍ഗങ്ങള്‍, പൂന്തോട്ട നിര്‍മാണം എന്നിവക്കായി തരിശുരഹിത ജൈവഗ്രാമം എന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നതായും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു അറിയിച്ചു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM