മാലിന്യ സംസ്‌ക്കരണ പദ്ധതികളുമായി സഹകരിക്കണം
വയനാട് ജില്ലയില്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഗ്രാമപഞ്ചായത്ത് പദ്ധതികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അഭ്യര്‍ത്ഥിച്ചു. പൊതു ജലാശയങ്ങളെയും പൊതു നിരത്തുകളെയും മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും ലക്ഷ്യമിട്ട് ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആസൂത്രണ ഭവനില്‍ 23.07.2018 സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘടിപ്പിച്ച നിയമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമീപ ജില്ലകളില്‍ നിന്നും മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ചെക്ക് പോസ്റ്റുകളിലെ പരിശോധന കര്‍ശനമാക്കിയും ജനകീയജാഗ്രത ശക്തമാക്കിയും നിയമ നടപടികള്‍ സ്വീകരിച്ചും ഇതിന് അറുതി വരുത്തണം.
കൂടാതെ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മ സേനകളുമായി സഹകരിക്കുകയും സമഗ്ര ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുകയും വേണം. ജില്ലയിലെ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരും സെക്രട്ടറിമാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്ത ശില്‍പശാലയില്‍ ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.സുധീര്‍കിഷന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കൂടിയായ സബ് ജഡ്ജ് കെ.പി സുനിത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.പി ത്രിദീപ് കുമാര്‍, ജില്ലാ ഓഫീസര്‍ എം.എ ഷിജു എന്നിവര്‍ സംസാരിച്ചു. മലിനീകരണ നിയന്ത്രണ നിയമം, പഞ്ചായത്ത് നിയമം നഗരപാലിക നിയമം, കേരള പോലീസ് നിയമം, പൊതുജനാരോഗ്യ നിയമം, ഭക്ഷ്യസുരക്ഷാ നിയമം, ഗ്രാമ നഗരാസൂത്രണ നിയമം എന്നിവയെ അധികരിച്ച് അഞ്ജലി ജോര്‍ജ്ജ്, എ.ആര്‍ ശ്രീജിത്ത്, കെ.ജി രവീന്ദ്രന്‍, എ.യു. സുനില്‍കുമാര്‍, സി.സി ബാലന്‍, എം.കെ രേഷ്മ, പി.കെ സത്യബാബു എന്നിവര്‍ ക്ലാസ്സെടുത്തു.