തരിശിടങ്ങളില്‍ ഇനി നൂറുമേനി വിളയും: ‘ജൈവസമൃദ്ധി തരിശ്ഭൂമി കൃഷിയുമായി വെള്ളനാട് ബ്ലോക്ക്
* തരിശായിക്കിടക്കുന്ന നെല്‍വയലുകളെയും പദ്ധതിയുടെ ഭാഗമാക്കും
* ഒരു ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ 30,000 രൂപ സബ്സിഡി
40 ഹെക്ടറോളം വരുന്ന തരിശ് ഭൂമിയില്‍ ജൈവ കൃഷിയിലൂടെ നൂറുമേനി വിളയിക്കാനൊരുങ്ങി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി ‘ജൈവസമൃദ്ധി തരിശ്ഭൂമി കൃഷി’ എന്ന പേരില്‍ പദ്ധിതി ആവിഷ്കരിച്ചു. ബ്ലോക്കിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ മെമ്പര്‍മാരും കൃഷി ഉദ്യോഗസ്ഥരും ഇതിനായി രംഗത്തിറങ്ങും. വെള്ളനാട് ബ്ലോക്കിനെ തരിശ് രഹിതമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. എസ് അജിതകുമാരി പറഞ്ഞു. പദ്ധതിക്കായി 18 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. തരിശ്ശായിക്കിടക്കുന്ന നെല്‍വയലുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബശ്രീ, വിവിധ കര്‍ഷക സംഘങ്ങള്‍ തുടങ്ങിയ ഗ്രൂപ്പുകളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും തരിശ് ഭൂമികളില്‍ കൃഷിയിറക്കുക. ഒരു ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ 30,000 രൂപ സബ്സിഡിയായി നല്‍കും. അതാത് ഗ്രാമപഞ്ചായത്തുകള്‍ 50 ശതമാനവും ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ 25 ശതമാനം വീതവുമാണ് സബ്സിഡി ഇനത്തില്‍ നല്‍കുക. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഭൂമിയാണെങ്കില് കര്ഷകന് 25,000 രൂപയും ഭൂ ഉടമയ്ക്ക് 5,000 രൂപയും സബ്സിഡിയായി നല്‍കും.
നിലവില്‍ എട്ടു ഗ്രാമപഞ്ചായത്തുകളിലും എത്ര ഹെക്ടര്‍ തരിശ് ഭൂമിയുണ്ടെന്ന കണക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഈ ഭൂമിയില്‍ ഏതെല്ലാം വിളകള്‍ കൃഷി ചെയ്യാമെന്ന പഠനം നടന്നു വരികയാണെന്നും ഗ്രാമസഭാ തലത്തില്‍ കൃഷിചെയ്യാന്‍ താല്പര്യമുള്ള ഗ്രൂപ്പുകളുടെ പട്ടിക ലഭിച്ചാല്‍ ഉടന്‍ പദ്ധതി ആരംഭിക്കുമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മല്ലികകുമാരി അറിയിച്ചു.