ഹീറോ ആകാന്‍ വടകരയുടെ സീറോ വേസ്റ്റ്
വടകര നഗരസഭയുടെ സീറോവേസ്റ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പ്രതിനിധികളെത്തുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വടകര ഇന്നുവരെ കാണാത്ത ബഹുമുഖ പദ്ധതികളുടെ ആകെത്തുകയാണ് സീറോവേസ്റ്റ്. തുടക്കം കുറിച്ച് ഏഴുമാസം കൊണ്ടുതന്നെ മുഖ്യധാരയിലെത്താന്‍ സാധിച്ചുവെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. അതും പ്രതികൂല സാഹചര്യങ്ങള്‍ ഒട്ടേറെയുണ്ടായിട്ടും. ഇതിനകം കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം, ഇമിക്കുളം, ചോറോട്, വില്വംപള്ളി, ഏറാമല പഞ്ചായത്തുകളില്‍ നിന്നെല്ലാം പ്രതിനിധികള്‍ വടകരയുടെ സീറോവേസ്റ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തി. വൈകാതെ കുടുംബശ്രീ മിഷന്റെ സംസ്ഥാന എക്സിക്യുട്ടീവ് ഡയറക്ടര്‍, എല്ലാ ജില്ലകളിലെയും മിഷന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ വടകരയിലെത്തും. കേരളം മൊത്തം ഉറ്റുനോക്കുന്ന പദ്ധതിയായി സീറോവേസ്റ്റ് വളര്‍ന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാകും ഇത്.