മാലിന്യ നിര്‍മ്മാര്‍ജ്ജനം – ചട്ടങ്ങളും നിയമങ്ങളും പാലക്കാട് ജില്ലാതല ശില്പശാല സംഘടിപ്പിച്ചു
സര്‍ക്കാര്‍ വകുപ്പുകള്‍ തങ്ങള്‍ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും കൃത്യമായി മനസ്സിലാക്കിയിരിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. പൊതു നിരത്തുകളേയും മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ക്കായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം മനസ്സിലാക്കി നീതി ബോധത്തോടെ ആത്മ വിശ്വാസത്തോടെ എതിര്‍പ്പുകളെ മറികടന്ന് നടപടി സ്വീകരിക്കാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പരിപാലിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തിന് സാധിക്കണമെന്നും അവര്‍ പ്രവര്‍ത്തനങ്ങളില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും നിയന്ത്രണ പരിധി വിടരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് ഒരേ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തിയില്‍ നിന്നോ ഉണ്ടാകുന്ന ഒന്നിലധികം നിയമലംഘനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിച്ച് ചോദ്യം ചെയ്യേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്ററ് ടി.കെ നാരായണ ദാസ് അധ്യക്ഷനായി.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ.സജീവന്, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ജി.രമ്യ, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. മലിനീകരണ നിയന്ത്രണ നിയമം സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ കൃഷ്ണന് എം.എന്‍, പഞ്ചായത്ത് രാജ് നിയമം സംബന്ധിച്ച് ഡി.ഡി.പി ഓഫീസ് സൂപ്രണ്ട് പ്രസാദ്, നഗരപാലിക നിയമം സംബന്ധിച്ച് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റി സെക്രട്ടറി പ്രമോദ്, കേരള പൊലീസ് നിയമങ്ങളുമായി ബന്ധപ്പെട്ട് ഡി.എം.ഒ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് രവീന്ദ്രന്, ഫുഡ് സേഫ്റ്റി നിയമങ്ങളുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി ഓഫീസര്‍ രാജേഷ്, ടൗണ്‍ പ്ലാനിംഗ് ചട്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ ടൗണ്‍ പ്ലാനര്‍ വി.എ ഗോപി തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.
ഇതില്‍ ജലമലിനീകരണ നിയന്ത്രണ നിവാരണ നിയമപ്രകാരം ഏതെങ്കിലുമൊരു സ്ഥാപനം പുറന്തള്ളുന്ന പാഴ്ജലത്തിന്റെ സാമ്പിളുകളും വിവരങ്ങളും ശേഖരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അനുവദിക്കാതിരിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും. പിഴയടച്ചില്ലെങ്കില്‍ ദിനംപ്രതി 5000/- രൂപ വീതം ഈടാക്കാനും വ്യവസ്ഥയുണ്ട്. കൂടാതെ വിഷമയമോ ഹാനികരമോ ആയ വസ്തുക്കള്‍ നേരിട്ടോ അല്ലാതെയോ ഭൂമിയിലേക്കോ ജലാശയങ്ങളിലേക്കോ പുറന്തള്ളുന്നത് കണ്ടെത്തുന്ന പക്ഷം കുറഞ്ഞത് ഒന്നര മുതല്‍ ആറ് വര്‍ഷം വരെ ശിക്ഷക്ക് അര്‍ഹമാണ്. കിക്ഷിക്കപ്പെട്ടിട്ടും കുറ്റം തുടരുന്ന പക്ഷം കുറഞ്ഞത് ഒന്നരവര്‍ഷമോ ഏഴ് വര്‍ഷം വരേയോ തടവാണ് നിയമം പറയുന്നത്. കൂടാതെ കുറ്റകൃത്യത്തിനനുസൃതമായി പിഴയും ഈടാക്കും.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സീവേജോ പാഴ്ജലമോ പുറന്തള്ളുന്ന സ്ഥാപനം സ്ഥാപിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. ഒിഷമയവും ഹാനികരവുമായ മാലിന്യം ജലാശയങ്ങളിലേയ്ക്കോ ഭൂമിയിലേയ്ക്കോ പുറന്തള്ളപ്പെടുകയോ അതിനൊരു സാധ്യത ഉണ്ടാകുകയോ ചെയ്താല്‍ ഉടനടി ബോര്‍ഡിനെ അറിയിക്കേണ്ടതാണ്. അപ്രകാരം അറിയിക്കാതിരുന്നാല്‍ മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ പിഴയോ ലഭിക്കും. പൊതുജനങ്ങളെ ബാധിക്കുന്ന അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടാനും അതിലേയ്ക്ക് വൈദ്യുതി ജലവിതരണം തുടങ്ങിയ സര്‍വ്വീസുകള്‍ വിച്ഛേദിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം സെക്ഷന്‍ 33 എ പ്രകാരമുള്ള ഉത്തരവുകള്‍ അനുസരിക്കാത്ത പക്ഷം ലംഘനം തുടര്‍ന്നാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ പിഴയും ലംഘനം തുടരുകയാണെങ്കില്‍ 5000/- രൂപ ദിനം പ്രതി ഈടാക്കാനും വ്യവസ്ഥയുണ്ട്. വായു പരിസ്ഥിതി മലിനീകരണത്തിന് കാരണമായാലും ഏകദേശം സമാനരീതിയിലുള്ള ശിക്ഷാരീതികളാണ് നടപ്പാക്കുക.