കോട്ടയ്ക്കലില്‍ പച്ചപ്പള്ളിക്കൂടം പദ്ധതി
മലപ്പുറം ജില്ലയില്‍ കോട്ടയ്ക്കല്‍ നഗരസഭാ പരിധിയിലെ എല്ലാ എല്‍.പി സ്കൂളുകളുടെയും സമ്പൂര്‍ണ്ണ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുന്ന പച്ചപ്പള്ളിക്കൂടം പദ്ധതിയ്ക്ക് തുടക്കമായി. ഹരിതകേരളം മിഷനും നഗരസഭയും ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. പരിസ്ഥിതി, ശുചിത്വം, ജലസംരക്ഷണം തുടങ്ങി മൂന്നു മേഖലകളില്‍ ആധുനികവും ഗുണമേന്മയുള്ളതുമായ പദ്ധതികള്‍ നടപ്പാക്കിയാണ് പൊതുവിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുന്നത്. ഇതിനാവശ്യമായ സാങ്കേതിക സഹായം ഹരിതകേരളം മിഷനും സാമ്പത്തിക സഹായം നഗരസഭയും നല്‍കും.
ആദ്യഘട്ടത്തില്‍ നഗരസഭയിലെ 15 സ്കൂളുകളിലാണ് പദ്ധതി ആരംഭിക്കുക. പിന്നീട് നഗരസഭയിലെ എല്ലാ എല്‍.പി സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. മാലിന്യ ശേഖരണത്തിനായി നാലു ക്ലാസ്സ് മുറികള്‍ക്കായി ഓരോ ജോഡി എന്ന ക്രമത്തില്‍ വേസ്റ്റ് ബിന്നുകള്‍ നല്‍കും. ഇതില്‍ ഒന്നില്‍ ജൈവ മാലിന്യവും മറ്റൊന്നില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലുകളും രണ്ടു വീതം തുണി സഞ്ചികളും നല്‍കും.
ഹരിതകേരളം മിഷന് യംഗ് പ്രൊഫഷണല്‍ മുഹനമ്മദ് സ്വാലിഹ്, മുന്‍സിപ്പല്‍ കൃഷി അസിസ്റ്റന്റ് ഉണ്ണിക്കൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഓരോ സ്കൂളും സന്ദര്‍ശിച്ച് കൃഷി സൗകര്യവും മറ്റും വിലയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി സ്കൂള്‍തലത്തിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തും. മാറ്റങ്ങള്‍ കുട്ടികളിലൂടെ വേണം എന്ന ആശയമാണ് എല്‍.പി സ്കൂളുകളെ പദ്ധതിക്കായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കോട്ടയ്ക്കലിന്റെ ഈ മാതൃക ജില്ല മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേഷന്‍ പി.രാജു പറഞ്ഞു.