പൊതു ഇടങ്ങളിലെ മാലിന്യം ഇല്ലാതാക്കാന്‍ പൗരബോധം ഉണരണം
പൊതു നിരത്തുകളെയും ജലാശയങ്ങളെയും മാലിന്യ മുക്തമാക്കാന്‍ ജനങ്ങളുടെ പൗരബോധം ഉണരണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. പൊതുനിരത്തുകളെയും പൊതുജലാശയങ്ങളെയും മാലിന്യമുക്തമാക്കാനുള്ള പദ്ധതി സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിതകേരള മിഷനും സംയുക്തമായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 12.07.2018 ന് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. വ്യക്തി ശുചിത്വത്തില്‍ അതീവ ശ്രദ്ധാലുക്കളായ കേരളീയര്‍ പൊതു ഇടങ്ങളിലെ ശുചിത്വ ത്തിന്റെ കാര്യത്തില്‍ കൂടി പ്രാധാന്യം നല്‍കണം. എഴുപതുകള്‍ മുതല്‍ ലോക ശ്രദ്ധ യാകര്‍ഷിച്ച കേരള മോഡല്‍ വികസനത്തിന്റെ അന്തസത്ത മലയാളികളുടെ ഉയര്‍ന്ന സാമൂഹിക ബോധമാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലും സാമൂഹിക രംഗങ്ങളിലും ഉയര്‍ന്ന പൊതുബോധത്തിന്റെ പ്രതിഫലനമാണ് വികസന മാതൃകയില്‍ ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയിലാണ് കേരളത്തില്‍ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷ മാകാന്‍ തുടങ്ങിയതെന്നും തൊണ്ണൂറുകളുടെ അവസാനത്തോടെ നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റമാണ് മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിന് ഇടയാക്കിയത്. സാമൂഹിക ശുചിത്വത്തിനുകൂടി ഊന്നല്‍ നല്‍കിയാല്‍ മാത്രമെ ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യ മുക്തമാക്കാനും നില നിര്‍ത്താനും കഴിയുകയുള്ളൂ.
പ്രകൃതിയെ നാശോന്മുഖമാക്കുന്ന വിപത്ത് തടഞ്ഞില്ലെങ്കില്‍ വിനോദ സഞ്ചാരികളുടെ കടന്ന് വരവ് കുറയും. ശ്രീലങ്ക, തായ്‌ലന്റ് പോലുള്ള പ്രദേശങ്ങളില്‍ വിനോദ സഞ്ചാര മേഖലക്കുള്ള വളര്‍ച്ച അവിടത്തെ ജനങ്ങളുടെ പൗരബോധത്തിന്റെ പ്രതിഫലനം കൂടിയാണ്. അഞ്ച് സെന്റ് ഭൂമിയുള്ളവര്‍ക്കും ഫലപ്രദമായ മാലിന്യ സംസ്‌കരണ രീതി സ്വീകരിക്കാനാവും. മാലിന്യം കിറ്റി ലാക്കി പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുതിന് പകരം മാലിന്യം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുന്ന വിധം വീടുകളില്‍ നിന്നുതന്നെ മാലിന്യ സംസ്‌കരണത്തിന്റെ നല്ല പാഠങ്ങള്‍ തുടങ്ങണം. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇടുക്കിയെ ക്ലീന്‍, ഗ്രീന്‍ ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അതിനായി വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെയും ജനങ്ങളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
മാലിന്യ സംസ്‌കരണത്തിന്റെ പൊതു സംവിധാനങ്ങള്‍ ഒരുക്കുന്നതിനും പ്ലാസ്റ്റിക് ഉള്‍പ്പെടെ യുള്ളവയുടെ പുനരുപയോഗ സാധ്യത ഒരുക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ പറഞ്ഞു. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ്. മധു, മലിനീകണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എഞ്ചിനീയര്‍ ഡോ.എ.എം ഷീല, അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സഹജന്‍, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ജില്ലാ സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം. പിള്ള, ഫുഡ് സേഫ്റ്റി ഓഫീസര്‍ ജേക്കബ് തോമസ്, തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസ്, അസി. ടൗണ്‍ പ്ലാനര്‍ കെഡി ജോ, ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം. വിനോദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.