ഹരിതകര്‍മ്മസേനക്ക് കടമ്പനാട് തുടക്കം

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പ്ലാസ്റ്റിക് മാലിന്യവും വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കേണ്ട കാര്യമില്ല. വീടുകളിലേയും കടകളിലേയും പ്ലാസ്റ്റിക്കുകള്‍ സൂക്ഷിച്ച് വയ്ക്കുക. ഇങ്ങനെ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മ്മസേനയിലെ അംഗങ്ങള്‍ വീടുകളിലെത്തി ശേഖരിച്ചുകൊള്ളും. കടമ്പനാട് പഞ്ചായത്തിലാണ് ഹരിത കര്‍മ്മസേനയ്ക്ക് പരിശീലനം നല്‍കിക്കൊണ്ട് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പദ്ധതി തുടക്കം കുറിച്ചിരിക്കുന്നത്. അജൈവ മാലിന്യമായ പ്ലാസ്റ്റിക്കിന് പുനരുപയോഗത്തിന് സാധ്യത യുണ്ടെങ്കിലും ഉറവിടങ്ങളില്‍ നിന്ന് ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാത്തതിനാല്‍ മിക്കയിടങ്ങളിലും പ്ലാസ്റ്റിക്കിന്റെ കൂമ്പാരങ്ങള്‍ തീര്‍ക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് കടമ്പനാട് പഞ്ചായത്ത് ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ പുതിയ പദ്ധതി പരീക്ഷിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യം അത് ഉണ്ടാകുന്ന ഉറവിടങ്ങളില്‍ തന്നെ തരം തിരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിക്കാനാണ് തീരുമാനം. ഇതിനായി തിരഞ്ഞെടുത്ത ഹരിതകര്‍മ്മ സേനയിലെ അംഗ ങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് ശുചിത്വ മിഷനുമായി ബന്ധപ്പെട്ട ഏജന്‍സിക്കാണ് കൈമാറുന്നത്. പദ്ധതിയുടെ തുടക്കമായതിനാല്‍ ഹരിതകര്‍മ്മ സേനാംഗം എത്തുന്നത് വരെ പ്ലാസ്റ്റിക് മാലിന്യം ഉറവിടങ്ങളില്‍ സൂക്ഷിക്കണം. രണ്ടാം ഘട്ടത്തില്‍ പ്ലാസ്റ്റിക് മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിച്ച് സൂക്ഷിക്കാന്‍ പരിസ്ഥിതി സൗഹൃദ സംഭരണികള്‍ നല്‍കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഒരു വീട്ടില്‍ നിന്ന് യൂസര്‍ ഫീസായി 20 രൂപയാണ് ഈടാക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക യൂസര്‍ ഫീസ് ചുമത്തും. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഹരിത സേനാംഗ ങ്ങള്‍ക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM