നാടിനെ മാലിന്യമുക്തമാക്കാന്‍ വകുപ്പുകളുടെ കൂട്ടായ്മ
കാഞ്ഞങ്ങാട്: നാടിനെ മാലിന്യമുക്തമാക്കാന്‍ വകുപ്പുകളും ഏജന്‍സികളും കൈകോര്‍ത്തു. ഹരിതകേരളം മിഷന്‍ മുന്‍കൈയെടുത്താണ് കൂട്ടായ്മയുണ്ടാക്കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, പോലീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, നഗരാസൂത്രണ വകുപ്പ് തുടങ്ങിയവയും വിവിധ ഏജന്‍സികളുമാണ് കൈകോര്‍ത്തത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കല്‍, ജലസ്രോതസ്സുകളിലേക്ക് വലിച്ചെറിയല്‍, ഭക്ഷണാവശിഷ്ടങ്ങളും കക്കൂസ് മാലിന്യവും ഉള്‍പ്പെടെയുള്ളവ പൊതുനിരത്തുകളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കല്‍ തുടങ്ങി പൊതുജനാരോഗ്യത്തിനും പരിസ്ഥിതി ഘടനയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയൊരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കൂട്ടായ്മയുടെ ഭാഗമായി കാഞ്ഞങ്ങാട് ശില്‍പ്പശാല നടന്നു. എ.ഡി.എം, എന്‍ ദേവീദാസ് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ പി.കെ.ബാബുരാജ്, കെ.എസ്.പി.സി.ബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജെ.ആര്‍. സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.