9000 വീടുകളില്‍ പച്ചക്കറികൃഷി: ജൈവകൃഷിയില്‍ ഇനി ആറ്റിങ്ങല്‍ മാതൃക

ആറ്റിങ്ങല്‍ നഗരസഭയിലെ 9000 വീടുകളില്‍ പച്ചക്കറികൃഷിക്കു തുടക്കമായി. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷിക്ക് ഊന്നല്‍ നല്‍കി നഗരസഭ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണിത്. വീടുകളില്‍ വിളയുന്ന പച്ചക്കറിക്ക് നഗരസഭയുടെ മേല്‍നോട്ടത്തില്‍ത്തന്നെ വിപണിയും ഒരുക്കും.

നാടന്‍ പച്ചക്കറി ഇനങ്ങള്‍ മുതല്‍ ശൈത്യകാല ഇനങ്ങളായ കാബേജും ക്വാളിഫ്‌ളവറും വരെ ആറ്റിങ്ങലിലെ വീടുകളില്‍ തളിരിട്ടു തുടങ്ങി. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍പ്പെടുത്തി പച്ചക്കറി തൈകളും രണ്ടാം ഘട്ടമായി വിത്തുകളും വിതരണം ചെയ്തു. കൃഷിഭവനില്‍ നിന്നാണു വിത്തുകളും തൈകളും എത്തുന്നത്. റസിഡന്‍സ് അസോസിയേഷന്‍ വഴി കൂടുതല്‍ തൈകള്‍ നല്‍കാന്‍ ആലോചനയുണ്ട്. കുടുംബശ്രീയുടെ 120 ക്ലസ്റ്റര്‍ സംഘങ്ങള്‍ക്കാണ് കൃഷിയുടെ മേല്‍നോട്ടം.

വാര്‍ഡ്‌സഭകളില്‍ നിന്നു തിരഞ്ഞെടുത്ത വീടുകളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീടുകളില്‍ വിളയുന്ന പച്ചക്കറി ആറ്റിങ്ങലിലെ മാസചന്തയിലോ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘത്തിന്റെ ഇക്കോ ഷോപ്പിലോ വില്‍ക്കാം.

കീഴായിക്കോണത്തെ ഫാമിലും ജൈവപച്ചക്കറി കൃഷി നടത്തുന്നുണ്ട്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളജില്‍ ഉടന്‍ പച്ചക്കറികൃഷി ആരംഭിക്കും. ഇതേ മാതൃകയില്‍ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണു നഗരസഭയുടെ തീരുമാനം. 30 ലക്ഷം രൂപയാണു ജൈവ പച്ചക്കറി കൃഷിക്കായി നഗരസഭ പ്ലാന്‍ ഫണ്ടില്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ളത്. ബാക്കി തുക സര്‍ക്കാരില്‍ നിന്നു ലഭിക്കും. പച്ചക്കറികൃഷി കൂടാതെ കുറ്റികുരുമുളക് കൃഷിയും തരിശിടങ്ങളിലെ നെല്‍കൃഷിയും നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM