കിള്ളിയാറിനായി നാടൊന്നിച്ച് നടന്നു

കിള്ളിയാറിനെ ജനകീയപങ്കാളിത്തത്തോടെ സംരക്ഷിക്കാനുള്ള കിള്ളിയാർ മിഷന്റെ ‘കിള്ളിയാറൊഴുകണം സ്വസ്ഥമായ്’ എന്ന മുദ്രാവാക്യവുമായി നടക്കുന്ന പ്രവർത്തനങ്ങളുടെ പ്രചാരണാർഥം സംഘടിപ്പിച്ച ‘പുഴയറിവ്’ എന്ന ജനകീയയാത്രയിൽ നാടൊരുമിച്ച് ഒരുമനസ്സോടെ പുഴക്കൊപ്പം നടന്നു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും ജലവിഭവമന്ത്രി മാത്യു ടി. തോമസും നേതൃത്വം നല്‍കിയ യാത്രകൾ ജനകീയ പങ്കാളിത്തത്താൽ സമ്പന്നമായി. രാവിലെ എട്ടിന് മന്ത്രി മാത്യു ടി. തോമസിന്റെ നേതൃത്വത്തില്‍ കിള്ളിയാറിന്റെ ഉത്ഭവസ്ഥലമായ പനവൂര്‍ കരിഞ്ചാത്തിമൂലയില്‍നിന്നും ഡോ. ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വഴയിലയില്‍നിന്നുമാണ് യാത്രകൾ ആരംഭിച്ചത്. ജലസംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്ന പാട്ടുകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ പുഴയുടെ തീരത്തുകൂടിയും സമീപത്തുകൂടിയുമാണ് യാത്രകൾ കടന്നുപോയത്. രണ്ടുയാത്രകളും പത്താംകല്ലിൽ കിള്ളിയാറിന്റെ കരയിൽ സമാപിച്ചു.

വഴയിലയിൽ മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൻ ഡോ. ടി.എൻ. സീമ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, സമിതി കൺവീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. അനില, ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, സാംസ്‌കാരിക-കലാ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

സമാപന സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പങ്കെടുത്തു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡി.സി.സി മുൻ പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള, മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്തും നെടുമങ്ങാട് നഗരസഭയും പനവൂർ, ആനാട്, അരുവിക്കര, കരകുളം പഞ്ചായത്തുകളും ഹരിതകേരളം മിഷനും ജലശ്രീയും സംയുക്തമായാണ് ഇൗ ജനകീയസംരംഭത്തെ ഏറ്റെടുത്തിരിക്കുന്നത്. കിള്ളിയാര്‍ മിഷന്റെ നേതൃത്വത്തില്‍ കിള്ളിയാറൊരുമ എന്ന പേരില്‍ ഏപ്രില്‍ 14ന് ഏകദിന ശുചീകരണയജ്ഞവും നടന്നു. കിള്ളിയാറിന്റെ ഉത്ഭവസ്ഥാനം മുതല്‍ പുഴയൊഴുകുന്ന 22 കിലോമീറ്റര്‍ ദൂരം വൃത്തിയാക്കിയത്. കിള്ളിയാറിലേക്ക് വന്നുചേരുന്ന 31 തോടുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടി 47 പ്രാദേശിക കിള്ളിയാര്‍ മിഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇൗ സമിതികളുടെ നേതൃത്വത്തില്‍ മുപ്പതിനായിരം പേര്‍ ദൗത്യത്തില്‍ പങ്കെടുത്തു.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM