സീറോ വേസ്റ്റ് കോഴിക്കോട് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കളക്ടര്‍ പിടിമുറുക്കുന്നു

ശാസ്ത്രീയ മാലിന്യസംസ്‌കരണം നടപ്പിലാക്കി മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന സീറോവേസ്റ്റ് കോഴിക്കോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജില്ലാ കളക്ടര്‍ യു വി ജോസ് പിടിമുറുക്കുന്നു. പകര്‍ച്ചവ്യാധികള്‍ തടയാനും പരിസര ശുചിത്വം ഉറപ്പുവരുത്താനുമുള്ള സീറോവേസ്റ്റ് കോഴിക്കോട് പദ്ധതി ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം ഉപയോഗിച്ച് യാഥാര്‍ത്ഥ്യമാക്കാന്‍ ജില്ലാകളക്ടര്‍ നടപടികള്‍ ശക്തമാക്കി.

ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം. ആവശ്യമെങ്കില്‍ തുമ്പൂര്‍മുഴി പോലെയുള്ള പൊതുസംവിധാനങ്ങള്‍ സ്ഥാപിക്കും. അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന വഴി എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാസം തോറും ശേഖരിച്ച് എം.സി.എഫില്‍ എത്തിക്കും. അവിടെ നിന്ന് ബ്ലോക്ക് തല എംആര്‍എഫ് കേന്ദ്രങ്ങളിലേക്ക് സംസ്‌കരണത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി അയക്കും. ഈ രീതിയില്‍ ചിട്ടയായി വിഭാവനം ചെയ്ത പദ്ധതിയില്‍ ഹരിതകര്‍മ്മസേന രൂപീകരണം, എംസിഎഫ് നിര്‍മ്മാണ സംവിധാനം, ശേഖരണ സംവിധാനം എന്നിവ പഞ്ചായത്തിന്റെ ചുമതലയും എംആര്‍എഫ് നിര്‍മ്മാണം ഓരോ ബ്ലോക്കിന്റെയും ചുമതലയാണ്. നഗരസഭകളില്‍ എംആര്‍എഫിന്റെയും എംസിഎഫിന്റെയും ചുമതല നഗരസഭകള്‍ക്ക് തന്നെയായിരിക്കും.

എംസിഎഫ്/ എംആര്‍എഫ് നിര്‍മാണത്തിനായി സ്ഥലം ലഭ്യമല്ലാത്ത പഞ്ചായത്തുകള്‍ക്ക് ജില്ലാകലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം വഴി സ്ഥലം അനുവദിച്ചു. 70 ഗ്രാമപഞ്ചായത്തില്‍ 63 ഗ്രാമപഞ്ചായത്തുകളും എംസിഎഫിന് പദ്ധതി വെച്ചു. 12 ബ്ലോക്കുകളും എംആര്‍എഫിനായി പദ്ധതിവെച്ചു. നിലവില്‍ 12 എംആര്‍ഫുകളില്‍ വടകര ബ്ലോക്കിന്റെ എംആര്‍എഫ് നിര്‍മ്മാണം പൂര്‍ത്തിയായി. മറ്റ് രണ്ട് ബ്ലോക്കുകളുടെ പണി പൂര്‍ത്തിയായി വരികയാണ്. മൂന്ന് ബ്ലോക്കുകളില്‍ നടപടികള്‍ നടന്നു വരികയാണ്. മറ്റ് 6 ബ്ലോക്കുകളിലും ജനങ്ങളുടെ പ്രതിഷേധംമൂലം നിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രതിഷേധക്കാരുമായി സമവായ ചര്‍ച്ചകള്‍ നടത്തില്ലെന്നും പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാനങ്ങളില്‍ അനിവാര്യ ചുമതലയായ ശാസ്ത്രീയ മാലിന്യ സംസ്‌കരണം ചില സ്ഥലങ്ങളില്‍ നന്നായി നടക്കുന്നുണ്ടെങ്കിലും മറ്റു സ്ഥലങ്ങളില്‍ യാതൊരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. ഇതില്‍ നിന്നും മാറ്റങ്ങള്‍ വന്ന് തുടങ്ങിയത് ജില്ലാകലക്ടര്‍ മാലിന്യസംസ്‌കരണം ഡിസാസ്റ്റര്‍മാനേജ്മെന്റ് ആക്റ്റില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചപ്പോഴാണ്. അതില്‍ ഈ വര്‍ഷം ഫെബ്രുവരി 15 നകം അജൈവമാലിന്യശേഖരണം ആരംഭിക്കുന്നതിന് നിര്‍ദ്ദേശിച്ചിരുന്നു. 67 ഗ്രാമപഞ്ചായത്തുകള്‍ 3 മുനിസിപ്പാലാറ്റികളും ഇതിനോടകം അജൈവശേഖരണം ആരംഭിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന പരിശീലനം ലഭിച്ച് പ്രവര്‍ത്തന സജ്ജരാണ്. മഴക്കാലം ആരംഭിച്ചതോടെ പല കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുകയാണ്.

നിപയുടെ സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറുടേയും തൊഴില്‍ വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്റേയും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍എയും എംഎല്‍എമാരുടേയും എംപിമാരുടെയും സാന്നിധ്യത്തില്‍ ഈ പദ്ധതിയുടെ നിലവിലെ അവസ്ഥ ജില്ലാകലക്ടര്‍ വിശദമാക്കിയിരുന്നു. ജനകീയ സഹകരണം നിര്‍ബന്ധമാണെന്നും മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ മൂലം അവ തടസ്സപ്പെടാതെ മുന്നോട്ട് പോകാനുള്ള എല്ലാ വിധ പിന്തുണയും രാഷ്ട്രീയ കക്ഷിഭേദമന്യേ ജില്ലാഭരണകൂടത്തിന് നല്‍കാനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.

ഈ അവസരത്തില്‍ ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവയുടെ മാലിന്യസംസ്‌കരണത്തിനുള്ള ഉത്തരവാദിത്വം വെവ്വേറെ പരാമര്‍ശിച്ച് ഉത്തരവിറക്കുന്നുണ്ട്. അനിവാര്യചുമതലകളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതോടെ ശാസ്ത്രീയമാലിന്യസംസ്‌കരണത്തിന് സ്ഥിരം സംവിധാനം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പ്രവര്‍ത്തന സജ്ജമാക്കേണ്ടിവരും. ചുമതലകള്‍ പ്രത്യേകം പരാമര്‍ശിച്ച് കൂടുതല്‍ വ്യക്തമാക്കി നല്‍കാനും ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന് വേണ്ട നടപടികള്‍ എടുക്കാത്ത തദ്ദേശസ്ഥാപനങ്ങളെ കണ്ടെത്താനുമുള്ള നടപടികള്‍ ജില്ലാഭരണകൂടം സ്വീകരിച്ചുവരികയാണ്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM