പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം വരും തലമുറയോടുള്ള കടമ – ഉമ്മന്‍ചാണ്ടി
കൂരോപ്പട: പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം വരും തവലമുറയോട് നമ്മള്‍ ചെയ്യുന്ന കടമയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ലയിലെ കൂരോപ്പട ഗ്രാമപഞ്ചായത്തും ഹരിതകേരള മിഷനുമായി ചേര്‍ന്ന് വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശേരി അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന് ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രത്യേക അവാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹരിത കേരള മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. ഗുഡ് എര്‍ത്ത് എന്ന കമ്പനിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശശികല നായര്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ മറശ്ശേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്.പി.മാത്യു. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.