മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍സംയോജന പദ്ധതി അവലോകനം
മീനച്ചിലാര്‍-മാനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ അവലോകന യോഗം ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. മൂന്ന് നദികളുടെ സംയോജനം മാത്രമല്ല, മൂവായിരം കിലോമീറ്ററോളം ജലാശയങ്ങളെ വീണ്ടെടുത്താണ് മറ്റു നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനവും പ്രവര്‍ത്തനവും ഉണ്ടാകുമ്പോഴും ജനകീയ കൂട്ടായ്മയുടെ ഒത്തൊരുമയും ഇച്ഛാശക്തിയുമാണ് ഈ പദ്ധതിയെ വിജയത്തിലേക്ക് നയിക്കുന്നതെന്നും ഡോ.ടി.എന്‍.സീമ പറഞ്ഞു.
മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ് രാമചന്ദ്രന്‍ അധ്യക്ഷനായി. കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.കെ.അനില്‍കുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലയില്‍ 71 പഞ്ചായത്തുകളിലും വൈക്കം, കോട്ടയം ഒഴികെ മറ്റു മുനിസിപ്പാലിറ്റികളിലും ഹരിതകര്‍മ്മസേന രൂപീകരിച്ചു. കോട്ടയം ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക് മാറിയതായി യോഗം വിലയിരുത്തി. കൂടാതെ മാസത്തിലെ എല്ലാ രണ്ടാം വെള്ളിയാഴ്ചയും ഓഫീസുകളില്‍ ഗ്രീന്‍ ഡേ ആയി ആചരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.