കിള്ളിയാറിന് കരുത്തുകൂട്ടി 5,000 വൃക്ഷത്തൈകള്‍
· ഇരു കരകളും മുളകളുടെ കരുത്തില്‍ ബലവത്താകും
· നട്ടത് ഫലവൃക്ഷ തൈകള്‍ ഉള്‍പ്പടെ 5,000 വൃക്ഷത്തൈകള്‍
ജില്ലയിലെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ പുനരുദ്ധാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കിള്ളിയാര്‍ മിഷന്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നദിയുടെ കരകളിലും സമീപത്തുമായി 5,000 വൃക്ഷതൈകള്‍ നട്ടു. കിള്ളിയാറിന്റെ ഇരു കരകളിലും മുളം തൈകളും സമീപത്ത് ഫലവൃക്ഷതൈകളുമാണ് നട്ടത്. പരിപാടിയുടെ ഉദ്ഘാടനം വഴയില മുദി ശാസ്താംകോട്ട് ജലവിഭവ മന്ത്രി മാത്യു.ടി.തോമസ് നിര്‍വഹിച്ചു.
വരും തലമുറയ്ക്കായി ജലം സംരക്ഷിക്കണം എന്ന പൊതുബോധം ആദ്യം ഉണ്ടായാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ താനേ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ജലാശയങ്ങളില്‍ മാലിന്യമെറിയുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ശക്തമാക്കിയത് ആരെയും ഉപദ്രവിക്കാനല്ലെന്നും അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് കുറ്റക്കാരെ ഓര്‍മിപ്പിക്കാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കിള്ളിയാറിന്റെ തീരത്ത് 22 കിലോമീറ്റര്‍ പ്രദേശത്താണ് വൃക്ഷതൈകള്‍ നട്ടത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട അഞ്ച് ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്നാണ് പരിപാടിയില്‍ പങ്കാളികളായി. തുടര്‍ന്ന് വഴയിലയില്‍ മുന്‍ സ്പീക്കറും കെ.റ്റി.ഡി.സി ചെയര്‍മാനുമായ എം. വിജയകുമാര്‍, കരകുളത്ത് ആസൂത്രണ ബോര്‍ഡംഗം ഡോ. കെ.എന്‍ ഹരിലാല്‍, ഏണിക്കരയില്‍ നാടക പ്രവര്‍ത്തകന്‍ കരകുളം ചന്ദ്രന്‍ തുടങ്ങിയവരും വൃക്ഷതൈകള്‍ നട്ടു.
കിള്ളിയാര്‍ മിഷന്‍ ചെയര്‍മാന്‍ ഡി.കെ മുരളി എം.എല്‍.എ, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, കരകുളം ചന്ദ്രന്‍, കിള്ളിയാര്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. സുഹൃത്കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.