ഹരിതകേരളം പദ്ധതിയുമായി യു.എന്‍ സഹകരിക്കും
കേരളത്തിന്റെ സ്വന്തം ഹരിതകേരളം പദ്ധതിയുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് ഐക്യരാഷ്ട്രസഭ അധികൃതര്‍ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഉറപ്പ് നല്‍കി. യു.എന്‍.ഇ.പി റീജിയണല്‍ ഡയറക്ടര്‍ ആന്റ് റെപ്രസെന്റേറ്റീവ് ഫോര്‍ ഏഷ്യ ആന്റ് ദി പെസഫിക് ഡെച്ചന്‍ സെറിങ്ങ്, എറിക് സോല്‍ ഹോം, സ്‌പെഷ്യല്‍ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ മിച്ചിക്കോ ഒക്കുമുറ, യു.എന്‍.ഇ.പി ഇന്ത്യന്‍ മേധാവി അതുല്‍ ബഗായ് എന്നിവര്‍ തൃശ്ശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിജയകരമായി നടപ്പാക്കിയ സൗരോര്‍ജ്ജ സംവിധാനങ്ങളും, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളും പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കൂടുതല്‍ പ്രവര്‍ത്തനം നടത്താന്‍ ഒരുക്കമാണെന്ന് യു.എന്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചത്. കേരളത്തില്‍ നടപ്പാക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ യു.എന്‍ സംഘം പ്രകീര്‍ത്തിച്ചു. വരും ദിവസങ്ങളില്‍ ഹരിതകേരളം മിഷന്‍ അധികാരികളുമായി തുടര്‍ ചര്‍ച്ച നടത്തി. ഫണ്ടിംഗ്, കണ്‍സള്‍ട്ടന്‍സി, പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങളെടുക്കും. ഓര്‍ഗാനിക് ഫാമിംഗ്, ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ്, വേസ്റ്റ് മാനേജ്‌മെന്റ്, പ്ലാസ്റ്റിക് റീസൈക്ലിംഗ് തുടങ്ങിയവ സംബന്ധിച്ച സാങ്കേതിക സഹായവും യു.എന്‍ നല്‍കും.