ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പില്‍ എറണാകുളം ജില്ല മാതൃക – മന്ത്രി തോമസ് ഐസക്
ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഉത്തമമാതൃക സൃഷ്ടിക്കുകയാണ് എറണാകുളം ജില്ലയെന്ന് ധനമന്ത്രി ശ്രീ.തോമസ് ഐസക്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പിലാക്കിയ നൂറ് കുളം പദ്ധതി മൂന്നാം ഘട്ടം സമാപനം രായമംഗലം പഞ്ചായത്തിലെ ചെങ്ങതാരി ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവീകരിച്ച കുളങ്ങള്‍ ഇതേരീതിയില്‍ നിലനിര്‍ത്തുന്നതിനു പ്രത്യേക പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കണമെന്നും, നവീകരിച്ച കുളങ്ങളില്‍ എന്തെല്ലാം ചെയ്യാം, കുളങ്ങളിലേക്ക് വെള്ളം വരുന്ന ചാലുകള്‍ എങ്ങനെ പരിപാലിക്കാം, വെള്ളം കൃഷിക്കായി എങ്ങനെ ഉപയോഗപ്പെടുത്താം, മാലിന്യവും ചെളിയും നിറയാതെ ശുദ്ധമായി എങ്ങനെനിലനിര്‍ത്താം എന്നീ കാര്യങ്ങള്‍ പ്രത്യേക പദ്ധതിയായി തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
നവീകരിച്ച കുളങ്ങളുടെ വിവരങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളിച്ച ഡോക്യുമെന്റ് പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു മന്ത്രിക്ക് കൈമാറി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ എം.ഡി.ജെ വിദ്യാര്‍ത്ഥികളാണ് ഡോക്യുമെന്റ് തയ്യാറാക്കിയത്. 2016 ല്‍ തുടക്കമിട്ട കുളം നവീകരണ പദ്ധതിയുടെ ഭാഗമായി 46 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ ആകെ 313 കുളങ്ങള്‍ നവീകരിച്ചതായി ജില്ലാ കളക്ടര്‍ വൈ.സഫീറുള്ള പറഞ്ഞു.