മലപ്പുറം സിവില്‍സ്റ്റേഷനിലെ സീറോവേസ്റ്റ് പദ്ധതി വിജയം: മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ വിജയകരമായി നടക്കുന്ന സീറോ വേസ്റ്റ് പദ്ധതി ഇനി ജില്ലയിലെ മറ്റ് സിവില്‍ സ്റ്റേഷനുകളിലും വ്യാപിപ്പിക്കും. സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ ഒരു ഹബ്ബ് സ്ഥാപിച്ച് ഓഫീസുകള്‍ തോറും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ച് മാലിന്യം എങ്ങനെയെല്ലാം നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്ന് പരിശീലനം നല്‍കിയത് ഫലം കണ്ടു. കളക്ടറേറ്റിലെ മാലിന്യ സംസ്‌ക്കരണം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഓഫീസുകളുടെ ഒഴിഞ്ഞ മൂലകളില്‍ മാലിന്യം കൂട്ടിയിടരുത്, ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളും പ്ലേറ്റുകളും ഉപയോഗിക്കാന്‍ പാടില്ല, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാനായി പൊതു പരിപാടികള്‍ക്ക് രണ്ടുദിവസം മുമ്പേ സീറോ വേസ്റ്റ് കോ-ഓര്‍ഡിനേറ്ററെ അറിയിക്കണം, മാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്, പാഴ്‌വസ്തുക്കള്‍ പുന:ചംക്രമണത്തിനായി സീറോ വേസ്റ്റ് പദ്ധതിയിലേക്ക് കൈമാറണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കളക്ടറേറ്റിലെ എല്ലാപേരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഹരിതകേരളം മിഷനും സീറോവേസ്റ്റ് പദ്ധതിയില്‍ സജീവ പങ്കാളിയാണ്.