ജനകീയ മാതൃക സൃഷ്ടിച്ച് കാനാമ്പുഴ സംരക്ഷണം
കാനാമ്പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ജനകീയ മാതൃകയാവുന്നു. പുഴ സംരക്ഷണാര്‍ത്ഥം സംഘടിപ്പിച്ച നീര്‍ത്തട നടത്തത്തില്‍ 155 ജലസംരക്ഷണ പ്രവര്‍ത്തകര്‍ പങ്കെടുത്തു. നീരുറവകള്‍, കുന്നുകള്‍, കുളങ്ങള്‍, കിണറുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ തിട്ടപ്പെടുത്തുന്നതിന് വേണ്ടി ഇവര്‍ 4 സൂക്ഷ്മ നീര്‍ത്തടങ്ങളിലായി 12 ലഘു ഗ്രൂപ്പുകളിലായി അകവപ്പന്‍ മല മുതല്‍ ആദി കടലായി വരെ ജലാംശം തേടി നീര്‍ത്തടയാത്ര നടത്തി. ഓരോ ഗ്രൂപ്പിലും കഡസ്ട്രല്‍ ഭൂപടവും അനുബന്ധ പഠന സാമഗ്രികളും നല്‍കിയിരുന്നു. ജലസ്രോതസ്സുകള്‍ കണ്ടെത്തുകയാണ് നീര്‍ത്തടനടത്തത്തിന്റെ മുഖ്യ ലക്ഷ്യം.
അഴിമുഖത്തു നിന്ന് 11 കി.മീ അകലെയുള്ള അക്വപ്പന്‍ മലയാണ് കാനാമ്പുഴയിലെ ഏറ്റവും ഉയര്‍ന്ന ഭാഗം സമുദ്രനിരപ്പില്‍ നിന്നും 88 മീറ്റര്‍ ഉയരത്തിലാണ് അകവപ്പന്‍ മല. 3 ചതുരശ്ര കിലോ മീറ്ററില്‍ സ്ഥിതി ചെയ്യുന്ന ഈ മലയാണ് വെള്ളത്തിന്റെ പ്രധാന സ്രോതസ്സ്. ഇവിടെ എല്ലാ മാസവും ശുദ്ധജലം ലഭിക്കുന്ന കുളങ്ങള്‍ പഠന സംഘം രേഖപ്പെടുത്തി. ഇവിടെ ചുരത്തുന്ന നീരുറവ മാച്ചേരി സംസ്ഥാന പാതക്കടിയിലൂടെ കണ്ടമ്പേത്ത്, ചേലോറ, എളയാവൂര്‍ സൗത്ത്, താഴെച്ചൊവ്വ, മുരടിക്കന്‍താഴെ, ബണ്ടുപാലം, കുറുവ പാലം വഴി ആദി കടലായി വഴി അഴിമുഖം വരെയുള്ള ജൈവ മേഖലയിലെ നെല്‍വയലുകള്‍, പച്ചക്കറി കൃഷി, ഇനങ്ങളുടെ തൊഴില്‍ എന്നിവ പഠന സംഘം രേഖപ്പെടുത്തി. മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മേഖലകളും കണ്ടെത്തി. ഹരിതകേരളം മിഷനിലെ 2 കണ്‍സള്‍ട്ടന്റുമാരും ഒരു ടെക്‌നിക്കല്‍ ഓഫീസറും കണ്ണൂര്‍ജില്ലാ കോ-ഓര്‍ഡിനേറ്ററും മറ്റും രണ്ടു ദിവസത്തെ നീര്‍ത്തട നടത്തത്തില്‍ പങ്കാളികളായി.