കാനാമ്പുഴയുടെ പുനരുജ്ജീവനത്തിന് 73.75 കോടിയുടെ മാസ്റ്റര്‍പ്ലാന്‍: പദ്ധതിരേഖയുടെ അവതരണം ഹരിതകേരളം മിഷനില്‍ സംഘടിപ്പിച്ചു.

കാനാമ്പുഴ സമഗ്ര നീര്‍ത്തട വികസനത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറായി. കാനാമ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഹരിതകേരളം മിഷന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ വിശദമായ പദ്ധതിരേഖ അവതരിപ്പിച്ചു. ശില്പശാലയില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളും ഭേദഗതികളും ഉള്‍പ്പെടുത്തി പദ്ധതിക്ക് അന്തിമരൂപം നല്‍കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, സോയില്‍ സര്‍വ്വേ വകുപ്പ് അധ്യക്ഷന്‍ ജസ്റ്റിന്‍ മോഹന്‍ ഐ.എഫ്.എസ്, ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീലേഖ, ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ നിസാമുദ്ദീന്‍, കാനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍.ചന്ദ്രന്‍, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റമാരായ എബ്രഹാം കോശി, ടി.പി സുധാകരന്‍, കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സോമശേഖരന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിച്ച ആദ്യ പുഴയാണ് കണ്ണൂരിലെ കാനാമ്പുഴ. ഇതിനു പിന്നാലെയാണ് വരട്ടാര്‍ പുനരുജ്ജീവനം, മീനച്ചിലാര്‍- മീനന്തലയാര്‍ -കൊടൂരാര്‍ നദീ പുനസംയോജനം തുടങ്ങിയ പദ്ധതികള്‍ നടന്നത്. കാനാമ്പുഴയുടെ കരയില്‍ ജീവിക്കുന്നവരുള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ച ജനകീയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഗവണ്‍മെന്റ് അനുമതി ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി സൂക്ഷ്മതലത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജനകീയവും പ്രാദേശികവുമായ പങ്കാളിത്തം ഉറപ്പാക്കാനായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും 4 പ്രാദേശിക സൊസൈറ്റികളും ഇതോടനുബന്ധിച്ച് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 73.75 കോടിയുടെ മൊത്തം പദ്ധതി അടങ്കല്‍ തുകയില്‍ 24 കോടി നീര്‍ത്തട വികസനത്തിനും 49.75 കോടി ജവലവിഭവ  പദ്ധതി നിര്‍വ്വഹണത്തിനുമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.  കണ്ണൂരിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍മലയില്‍ നിന്നാണ് കാനാമ്പുഴയുടെ ആരംഭം. 11 കി.മീ ദൈര്‍ഘ്യമുള്ള കാനാമ്പുഴ ആദികടലായി അഴിമുഖത്താണ് എത്തിച്ചേരുന്നത്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM