മലപ്പുറത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മഷിപ്പേന
മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജൂണ്‍ 5 മുതല്‍ തുണി സഞ്ചിയും മഷിപ്പേനയും. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ഡിസ്‌പോസിബിള്‍ കപ്പ്, പ്ലേറ്റ്, സ്‌ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്‌ററിക് ബോട്ടില്‍, ടിഫിന്‍ ബോക്‌സ്, സഞ്ചികള്‍ തുടങ്ങിയവയൊക്കെ പടിക്ക് പുറത്ത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത പെരുമാറ്റചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്.
‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശവുമായി ഹരിതകേരളം മിഷനാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റചട്ടം നടപ്പാക്കുന്നത്. ‘ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കൂ മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കൂ’ എന്ന തലക്കെട്ടില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളും ഓഫീസുകള്‍ക്ക് നല്‍കി. ജീവനക്കാര്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായും ഒഴിവാക്കണം. പൊതു ചടങ്ങുകള്‍ക്കും പ്രചാരണങ്ങള്‍ക്കും തുണി ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയേ ഉപയോഗിക്കാവൂ. ഓഫീസുകളില്‍ ശൗചാലയങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം. കമ്പോസ്റ്റിംഗ് തുടങ്ങണം. പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലേ ഭക്ഷണം എത്തിക്കാവൂ. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ശേഖരിക്കാനായി ഓഫീസുകളില്‍ പ്രത്യേക സംവിധാനം ഒരുക്കണം. ഓഫീസിനെ ഹരിത ഓഫീസായി നിലനിര്‍ത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിതകേരളം മിഷന്‍ നല്‍കിയിട്ടുണ്ട്.
പ്ലാസ്റ്റിക് നിയന്ത്രണത്തിന്റേയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെയും സന്ദേശം വിദ്യാലയങ്ങളിലൂടെ പൊതു സമൂഹത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും, സര്‍വ്വകലാശാലകളിലും ഹരിത പെരുമാറ്റചട്ടം നിര്‍ബന്ധമാക്കും. പരിസ്ഥിതി ദിനത്തില്‍ മലപ്പുറത്തെ 2500 ല്‍ പരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത നിയമാവലി നിലവില്‍ വരും.