പത്തനംതിട്ട ജില്ല പ്രദര്‍ശനത്തില്‍ ഹരിതകേരളം സ്റ്റാള്‍ ശ്രദ്ധേയമായി
പത്തനംതിട്ട ജില്ലയില്‍ കൃഷിയുടെ വീണ്ടെടുപ്പ് നടക്കുന്ന കവിയൂര്‍ പുഞ്ചയുടെ പശ്ചാത്തലം ചിത്രീകരിച്ച് മുളയില്‍ നിര്‍മ്മിച്ചിട്ടുള്ള ഹരിതകേരളം മിഷന്റെ സ്റ്റാള്‍ ശ്രദ്ധേയമായി. ഗവണ്‍മെന്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിലാണ് ഹരിതകേരളം മിഷന്‍ സ്റ്റാള്‍ സജ്ജമാക്കിയത്. പുഞ്ചപ്പാടവും, മുളപ്പാലവും കേരളത്തനിമ വിളിച്ചോതുന്ന ഈ കാഴ്ചകളാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. പ്രകൃതി സൗഹൃദരീതിയിലാണ് സ്റ്റാളിന്റെ നിര്‍മ്മാണം പ്രകൃതിക്ക് കോട്ടം തട്ടാത്ത ഉല്‍പ്പന്നങ്ങളായ പനമ്പ്, മുള, കയര്‍, തുണി തുടങ്ങിയ ജൈവ പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് സ്റ്റാളിന്റെ നിര്‍മ്മാണം. സ്റ്റാള്‍ കാണാനും മുളപ്പാലത്തില്‍ ഇരുന്ന് സെല്‍ഫിയെടുക്കാനും നിരവധിപേരാണ് എത്തിയത്. ഇരുപത് വര്‍ഷം മുമ്പ് സമ്പന്നമായിരുന്ന കവിയൂര്‍ പുഞ്ച മാലിന്യ നിക്ഷേപത്തിന്റെ ഫലമായാണ് മരണാസന്നയായത്. ഒപ്പം പുഞ്ചയെ സമ്പല്‍സമൃദ്ധമാക്കിയിരുന്ന വലിയതോട് മാലിന്യവാഹിനിയായി മാറുകയും ചെയ്തു. അങ്ങനെ നഷ്ടപ്പെട്ടുവെന്ന് കരുതിയ 1800 ഏക്കര്‍ തരിശുനിലമാണ് കവിയൂര്‍ പുഞ്ച. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനഫലമായാണ് കവിയൂര്‍ പുഞ്ചയെ പുനര്‍ജീവിപ്പിച്ചത്. ശുചിത്വം, വെള്ളം, വിളവ് ഇവ മൂന്നിനും പ്രാധാന്യം നല്‍കിയാണ് കവിയൂര്‍ പുഞ്ച വീണ്ടും കതിരണിയാന്‍ തുടങ്ങുന്നത്. നിലവില്‍ 500 ഏക്കര്‍ കൃഷിയോഗ്യമാക്കി. ബാക്കിയില്‍ ഉടന്‍ തന്നെ കൃഷിയിറക്കുമെന്ന് ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.