സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതപെരുമാറ്റച്ചട്ടം-ശില്‍പശാല സംഘടിപ്പിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജൂണ്‍ 5 ഓടെ ഹരിതപെരുമാറ്റചട്ടം നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐ.എ.എസ് നിര്‍ദ്ദേശിച്ചു. സംസ്ഥാനതല ഓഫീസുകളില്‍ ആദ്യ പടിയായി പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്ക് കിലയുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തിരുവനന്തപുരം ഐ.എം.ജിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ശുചിത്വാവസ്ഥ ആശാവഹമല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം മലയാളിയുടെ മനോഭാവത്തിലും പെരുമാറ്റത്തിലും ഹരിത സൗഹൃദ ജീവിത ക്രമത്തിനനുയോഗ്യമാംവിധം മാറ്റം വന്നാല്‍ മാത്രമേ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതില്‍ പൂര്‍ണ്ണവിജയം കൈവരിക്കാനാകൂ എന്നും അഭിപ്രായപ്പെട്ടു.
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ മാലിന്യം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും നാമേവരുടെയും ജീവിത ശൈലിയില്‍ ഹരിതപെരുമാറ്റചട്ടം കൊണ്ടുവന്നാല്‍ ഒരു പരിധിവരെ ഇതിനു പരിഹാരമാകുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കാനുള്ള തീവ്ര യജ്ഞത്തിലാണ് ഹരിതകേരളം മിഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വന്‍ ജനപങ്കാളിത്തമുള്ള ചില ഉത്സവങ്ങളും ആഘോഷങ്ങളും വിവാഹങ്ങളുള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഹരിത പെരുമാറ്റച്ചട്ടത്തിനനുസൃതമായി സംഘടിപ്പിക്കാനായത് ഈ രംഗത്തെ ശ്രദ്ധേയമായ നേട്ടമാണെന്നും ഡോ.ടി.എന്‍ സീമ അഭിപ്രായപ്പെട്ടു.
ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.അജയകുമാര്‍ വര്‍മ്മ, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് ശ്രീ.സി.എസ് രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.