മാലിന്യമുക്ത ചാലിയാറിനായി 193 കോടിയുടെ ജനകീയ പദ്ധതി
മാലിന്യമുക്ത ചാലിയാറിനായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് 193 കോടിയുടെ ജനകീയ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കി. നിലമ്പൂര്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന ചാലിയാര്‍ പുഴയുടെ ഭാഗവും അതിന്റെ 12 പോഷക നദികളും അതിലേക്കുള്ള നീര്‍ച്ചാലുകളും മാലിന്യ മുക്തമാക്കി പുഴയും മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. തുടര്‍ന്നു നഗരസഭയിലേക്കും ചാലിയാര്‍ കടന്നുപോകുന്ന മറ്റു ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ജലധവളപത്രം പ്രസിദ്ധീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകള്‍, വിവിധ വകുപ്പുകളുടെ ഫണ്ട്, റിവര്‍ മാനേജ്‌മെന്റ് ഫണ്ട്, സി.എസ്.ആര്‍ ഫണ്ട് എന്നിവ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും.