ലക്ഷ്യം മറികടന്ന് 100 കുളം പദ്ധതി
എറണാകുളം ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറുകുളം പദ്ധതി ലക്ഷ്യം മറികടന്നു. 105 കുളങ്ങളാണ് ഈ വര്‍ഷം ശുചീകരണം പൂര്‍ത്തിയാക്കിയത്. 26 ന് വൈകിട്ട് നാലിന് രായമംഗലം പഞ്ചായത്തിലെ ചെങ്ങനാടിക്കല് ചിറയുടെ നവീകരണം ഉദ്ഘാടനം ചെയ്തു മന്ത്രി തോമസ് ഐസക് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിക്കും. 2016 ല്‍ കളക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ‘എന്റെ കുളം എറണാകുളം’ എന്ന പേരിലാണ് പദ്ധതി തുടങ്ങിയത്. തുടര്‍ന്ന് ‘നൂറ് കുളം അന്‍പത് ദിനം’ എന്ന പേരില്‍ 2017 ഏപ്രില്‍ 1 ന് കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ളയുടെ നേതൃത്വത്തില്‍ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് നടന്നു. ‘നൂറ് കുളം’ മൂന്നാം ഘട്ട പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. എടയ്ക്കാട്ടു വയല്‍, ഉദയംപേരൂര്‍, വാഴക്കുളം. കുട്ടന് പുഴ, രായമംഗലം, വടവുകോട് പുത്തന്‍ കുരിശ് എന്നീ പഞ്ചായത്തുകളിലേയും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെയും പൂക്കാട്ടുചിറ, ഊഴക്കോട് ചിറ, അമ്പലക്കുളം, മാലേക്കാട് കുടിവെള്ള പദ്ധതി കുളം, മറക്കാട്ടുകുളം, കുട്ടന് പാറ, പാടികുളം എന്നീ കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഈ ആഴ്ച പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 4 ന് ആരംഭിച്ച പദ്ധതി മേയ് മാസം അവസാന ആഴ്ച ലക്ഷ്യമിടുന്നു.