ലോകജലദിനം മലപ്പുറം ജില്ലയില്‍ വിപുലമായ പരിപാടികള്‍
മലപ്പുറം ജില്ലയില്‍ ഹരിതകേരളം മിഷന്റെയും ജലഉപമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോകജലദിനാചരണ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും അതാത് ബ്ലോക്ക് ഏരിയായിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2018 മാര്‍ച്ച് 12 ന് ജല പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ഓരോ ബ്ലോക്കിലും വിജയികള്‍ക്കുള്ള ട്രോഫികളും മറ്റു സമ്മാനങ്ങളും ബ്ലോക്ക് പ്രസിഡന്റുമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളാണ് വിതരണം ചെയ്തത്. മിക്കയിടങ്ങളിലും ക്വിസ് പ്രോഗ്രാമിന് ശേഷം ജലസംരക്ഷണ ക്ലാസ്സുകളും നടന്നു. ഇറിഗേഷന്‍ വകുപ്പിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ ആണ് പ്രശ്‌നോത്തരി നയിച്ചത്. പ്രശ്‌നോത്തരിക്കുള്ള മുപ്പതു ചോദ്യങ്ങളും 5 അധിക ചോദ്യങ്ങളും ജില്ലയില്‍ നിന്ന് ഓരോ ബ്ലോക്ക് കണ്‍വീനര്‍മാര്‍ക്കും നേരത്തേ എത്തിച്ചിരുന്നു.
ജില്ലാതല ജലപ്രശ്‌നോത്തരിയും ജലസുരക്ഷാ സെമിനാറും
ബ്ലോക്ക് തല വിജയികളെ പങ്കെടുപ്പിച്ചുള്ള ജില്ലാതല ജലപ്രശ്‌നോത്തരി മത്സരം 17.03.2018 ന് മലപ്പുറം ഗവ.കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് നടന്നു. പ്രശ്‌നോത്തരി ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.പി.രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്തല വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജലഉപമിഷന് ജില്ലാ കണ്‍വീനര്‍ എ.ഉസ്മാന്‍ വിതരണം ചെയ്തു. വിജയഭേരി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.ടി.സലിം ആണ് പ്രശ്‌നോത്തരി നയിച്ചത്. ഉച്ചക്ക് ശേഷം നടന്ന ജലസുരക്ഷ സെമിനാര്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ചമ്രവട്ടം പ്രൊജക്ട് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കോളേജിലെ പ്രൊഫസറും ഹെഡുമായ ഡോ.അബ്ദുല്‍ ഹക്കീം, കുറ്റിപ്പുറം എം.ഐ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ശ്രീനിവാസന്‍ സ്വാഗതവും എം.ഐ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എ.ഉസ്മാന്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ജില്ലാതല പ്രശ്‌നോത്തരിയില്‍ വിജയികളായ കുട്ടികള്‍ക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ട്രോഫികള്‍ വിതരണം ചെയ്തു. മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ഇറിഗേഷന്‍ വകുപ്പിലെ എഞ്ചിനീയര്‍മാര്‍, മറ്റു ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ നൂറ്റി അന്‍പതോളം ആളുകള്‍ സെമിനാറില്‍ പങ്കെടുത്തു.