തുരുത്തിക്കരയെ ഹരിതഗ്രാമമായി പ്രഖ്യാപിച്ചു.
ശുചിത്വ-മാലിന്യ സംസ്‌ക്കരണം, എല്ലാ വീടുകളിലും ജൈവ പച്ചക്കറികൃഷി, ഊര്‍ജ്ജ സംരക്ഷണം തുടങ്ങി വിവിധ രംഗങ്ങളില്‍ മാതൃകയായി മാറിയ തുരുത്തിക്കര ഗ്രാമത്തിനെ ഹരിതഗ്രാമമായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ഉള്‍ക്കൊള്ളുന്നതാണ് തുരുത്തിക്കര ഗ്രാമം.
തുരുത്തിക്കര, വെട്ടിക്കുളം, മറ്റപ്പള്ളിക്കാവ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമയാണ് ഹരിത പ്രഖ്യാപനം നടത്തിയത്. മാലിന്യം, സംസ്‌ക്കരണം, ജലസുരക്ഷ, ശാസ്ത്രീയകൃഷിരീതി, ഊര്‍ജ്ജം എന്നീ മേഖലകളില്‍ പുതിയൊരു സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ഇതു പ്രായോഗികമാക്കാനും സാധിച്ചതാണ് ഈ പദ്ധതിയുടെ വിജയമെന്ന് ഡോ.ടി.എന്‍.സീമ പറഞ്ഞു. ഊര്‍ജ്ജ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും ഹരിതകേരളം എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സമ്മേളനത്തില്‍ വാര്‍ഡിലെ കിണര്‍ വെള്ളം പരിശോധന റിപ്പോര്‍ട്ട് അസിസ്റ്റന്റ് കളക്ടര്‍ ഈശപ്രിയ പ്രകാശനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുര്യന്‍ ഏറ്റുവാങ്ങി. വാര്‍ഡംഗം നിജി ബിജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി നേരത്തെ തുരുത്തിക്കരയെ ഫിലമെന്റ് ബള്‍ബ് വിമുക്ത ഗ്രാമം, ഇ-മാലിന്യ വിമുക്ത ഗ്രാമം, പ്ലാസ്റ്റിക് മാലിന്യ വിമുക്ത ഗ്രാമം എന്നിവയായി പ്രഖ്യാപിച്ചു.