ഭാവിയിലെ സുസ്ഥിര നഗരങ്ങള്‍ക്ക് തണ്ണീര്‍ത്തടങ്ങള്‍
ഫെബ്രുവരി 2 ലോക തണ്ണീര്‍ത്തട ദിനം. സംസ്ഥാനത്തും വിവിധ പരിപാടികളോടെ സമുചിതമായി ദിനാചരണം സംഘടിപ്പിച്ചു. ഭാവിയിലെ സുസ്ഥിര നഗരങ്ങള്‍ക്ക് തണ്ണീര്‍ത്തടങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. (Wetlands for a sustainable urban future) ഭൂഗര്‍ഭ ജലവിതാനം നിയന്ത്രിച്ചു ജലലഭ്യത ഉറപ്പ് വരുത്തുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.പുഴകള്‍, കായലുകള്‍, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവയൊക്കെയും തണ്ണീര്‍ത്തടങ്ങള്‍ ആണ്. 44 നദികളും 18000 ല്‍ പരം പൊതുകുളങ്ങളും നിരവധി കായലുകളും തടാകങ്ങളും നെല്‍പ്പാടങ്ങളും ജലലഭ്യത ഉറപ്പുവരുത്തിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.
എന്നാല്‍ ഇന്ന് നമ്മുടെ കേരളവും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിക്കാന്‍ മനുഷ്യന്‍ മത്സരിക്കുകയാണ്. മാലിന്യങ്ങള്‍ നിക്ഷേപിച്ചും, നിലം മണ്ണിട്ട് നികത്തിയും അനധികൃത നിര്‍മ്മാണവും, കൈയ്യേറ്റവും ഒക്കെ തണ്ണീര്‍ത്തടങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ഇതിലൂടെ ഭൂഗര്‍ഭ ജലത്തിന്റ അളവ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. വരള്‍ച്ചക്ക് അറിഞ്ഞുകൊണ്ട് നാം കാരണക്കാരാവരുത്. വരും തലമുറക്ക് ഈ പ്രകൃതിയെ നശിപ്പിക്കാതെ കൈമാറേണ്ടത് നമ്മുടെ കൂടി കടമയാണ്. സാധ്യമായ മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം നമ്മുടെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ നാം പ്രയത്‌നിക്കണം.