നദീസംയോജനം: തരിശു പാടങ്ങളില്‍ കൃഷി സജീവമാകുന്നു
മീനച്ചിലാര്‍-മീനന്തലയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതികളുടെ ഭാഗമായി നദികളും തോടുകളും വീണ്ടെടുത്ത് നീരൊഴുക്ക് സാധ്യമാക്കിയതിലൂടെ പ്രദേശത്ത് കൃഷി വീണ്ടും യാഥാര്‍ത്ഥ്യമാവുന്നു. 30 വര്‍ഷത്തോളമായി തരിശു കിടന്ന 1100 ഏക്കര്‍ നെല്‍വയലുകള്‍ ഹരിതാഭമാവുന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ടീം പൂര്‍ണ്ണമായും പ്രവര്‍ത്തനരംഗത്തുണ്ട്. ജനകീയ കൂട്ടായ്മയാണ് പ്രവര്‍ത്തനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയും ഇറിഗേഷന്‍ വകുപ്പും ചേര്‍ന്ന് വിവിധങ്ങളായ 60 കി.മീ ദൂരം തോടുകള്‍ നവീകരിച്ചു. ഐരാറ്റുനടയിലും കൊറ്റത്തില്‍ ഭാഗത്തും പൂര്‍ണ്ണമായും അടഞ്ഞുപോയ തോടുകള്‍ വീണ്ടെടുത്തു. ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമയും സംഘവും പദ്ധതി പ്രദേശം പൂര്‍ണ്ണമായും സന്ദര്‍ശിച്ചു.
പദ്ധതി വിലയിരുത്തുന്നതിനായി ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.എ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പദ്ധതി നടത്തിപ്പിലേക്കായി 60 ലക്ഷം രൂപയുടെ പദ്ധതികള്‍ അനുവദിച്ചു.
അനുവദിച്ച പദ്ധതികള്‍:
1. കഞ്ഞിക്കുഴി തോടു നവീകരണം – 22 ലക്ഷം
2. കൊറ്റത്തില്‍ ഭാഗത്ത് കലുങ്ക് നിര്‍മ്മാണം – 8 ലക്ഷം
3. മടക്കയില്‍ തോട് നവീകരണം – 15 ലക്ഷം
4. ചൊറിച്ചിത്തോട് നവീകരണം -15 ലക്ഷം
കൃഷി സാധ്യമാക്കുന്നതില്‍ നിലമൊരുക്കുന്നതിനും വാച്ചാല്‍ തോട് നവീകരിക്കുന്നതിനും കൃഷി വകുപ്പ് 192 ലക്ഷം രൂപ അനുവദിച്ചു. പദ്ധതി നടപ്പിലാക്കി.
ലിഫ്റ്റ് ഇറിഗേഷനിലൂടെ കൃഷിക്കാവശ്യമായ ജലമെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശ്രീ.രഞ്ജി പി.കുര്യന്‍ നിര്‍വ്വഹിച്ചു. വയലുകളിലേക്ക് ജലം എത്തിക്കുന്നതിനുവേണ്ടി അയര്‍ക്കുന്നം പഞ്ചായത്തില്‍ മീനച്ചിലാറ്റിലെ ടാപ്പുഴ ഭാഗത്ത് കൃഷി വകുപ്പ് 20 എച്ച്.പി മോട്ടോര്‍സ്ഥാപിച്ച് ആറാട്ട്കടവ് വഴി ഉരുളിപ്പാടത്തേക്ക് ജലമെത്തിക്കുന്നു. ഉരുളിപ്പാടത്ത് 20 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിച്ച് വരകുമല സ്പിന്നിംഗ് മില്‍ ഭാഗത്തേക്ക് ജലമെത്തിക്കുന്നു. വരകുമലയില്‍ 10 എച്ച്.പി യുടെ മോട്ടോര്‍ സ്ഥാപിച്ച് വരകുമല സ്പിന്നിംഗ് മില്‍ ഭാഗത്തേക്ക് ജലമെത്തിക്കുന്നു. വരകുമലയില്‍ 10 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിച്ച് മാലം ഭാഗത്തുള്ള പാടശേഖരങ്ങളിലേക്ക് ജലമെത്തിക്കുന്നു.
അയര്‍ക്കുന്നം പഞ്ചായത്തിലെ കരിക്കോട്ടുമൂല പാടശേഖരത്തില്‍ 10 എച്ച്.പി യുടെ മോട്ടോര്‍ സ്ഥാപിച്ച് ഭൂപ്രദേശത്ത് പാടശേഖരങ്ങളിലേക്ക് ജലമെത്തിക്കുന്നു. മണര്‍കാട് പഞ്ചായത്തില്‍ ഐരാറ്റുനട മരിങ്ങോട്ട് ചിറ പാടശേഖരത്തേക്ക് കുളത്തില്‍ നിന്ന് 20 എച്ച്.പിയുടെ ജെറ്റ് പമ്പ് ഉപയോഗിച്ച് ജലസേചനം നടത്തുന്നു. ഐരാറ്റുനട പാടശേഖരത്തിലേക്ക് നടുവില പറമ്പ് പാറക്കുളത്തില്‍ 40 എച്ച്.പി യുടെ മോട്ടോര്‍ ഉപയോഗിച്ച് ജലസേചനം നടത്തുന്നു.
ചപ്പാത്തില്‍ സ്ഥാപിച്ചിരിക്കുന്ന 20 എച്ച്.പിയുടെ മോട്ടോര്‍ ഒഴികെ കൃഷി ആവശ്യത്തിനായി താല്‍ക്കാലികമായി സ്ഥാപിച്ചിരിക്കുന്ന മുഴുവന്‍ മോട്ടോറുകളും മൈനര്‍ ഇറിഗേഷന്റെ നേതൃത്വത്തിലാണ്. കര്‍ഷകരുടെ ആവശ്യപ്രകാരം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജലസ്രോതസ്സുകള്‍ വീണ്ടെടുത്തും മോട്ടോര്‍ സ്ഥാപിച്ച് പമ്പിംഗ് നടത്തിയും നീരൊഴുക്ക് സാധ്യമാക്കിയതിനാല്‍ കൃഷി തടസ്സം കൂടാതെ നടക്കുന്നു. കൂടുതല്‍ സജീവമാകുന്നു.