മയ്യിലിലെ നെല്‍വിപ്ലവം ഡോക്യുമെന്ററിയാവുന്നു.
മയ്യില്‍ പഞ്ചായത്ത് നടപ്പിലാക്കിയ തരിശുരഹിത നെല്‍കൃഷി വിപ്ലവം ഡോക്യുമെന്ററിയാകുന്നു. നൂറു ശതമാനം വയലുകളും നെല്‍കൃഷിക്ക് പര്യാപ്തമാക്കിയ സമ്പൂര്‍ണ നെല്‍കൃഷി പദ്ധതിയിലൂടെ രാജ്യത്തിന് മാതൃകയായ നേട്ടങ്ങളാണ് കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നെന്‍മകം എന്ന പേരില്‍ ഡോക്യുമെന്ററിയാക്കുന്നത്. 25 പാടശേഖരങ്ങളിലായി 1457 ഏക്കര്‍ വയലിലാണ് നെല്‍കൃഷിയിറക്കിയത്. പുതുതായി 780 ഏക്കര്‍ കൃഷിക്ക് പ്രയോജനപ്പെടുത്തി. സമ്പൂര്‍ണ നെല്‍കൃഷിയെന്നതിനപ്പുറം ഉല്‍പ്പാദനക്ഷമതയിലും യന്ത്രവല്‍ക്കരണത്തിലും കൈവരിച്ച സമാനതകളില്ലാത്ത വിജയഗാഥയാണ് ഡോക്യുമെന്ററിയുടെ പ്രമേയം.
കേരളത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉല്‍പ്പാദനക്ഷമതയാണ് സമ്പൂര്‍ണ നെല്‍കൃഷി പദ്ധതിയിലൂടെ മയ്യില്‍ കൈവരിച്ചത്. പെരുവങ്ങൂര്‍ പാടശേഖരത്തില്‍ 11400 കിലോ നെല്ലാണ് ഒരു ഹെക്ടറിന് ലഭിച്ചത്. കോള്‍ നിലങ്ങളില്‍ മാത്രമാണ് ഇതില്‍ കൂടുതല്‍ വിളവ് രേഖപ്പെടുത്തിയിട്ടുള്ളത്. മുല്ലക്കൊടി പാടശേഖരത്തില്‍ 9000 കിലോ നെല്ലാണ് ലഭിച്ചത്. ശരാശരി 4320 കിലോയാണ് വിള. ജില്ലയിലെ ഒന്നാം വിളയുടെ ശരാശരി ഉല്‍പ്പാദനക്ഷമതയായ 2154 കിലോയുടെ ഇരട്ടിയിലധികമാണിത്.
ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ, സമ്പൂര്‍ണ യന്ത്രവല്‍ക്കരണം എന്നിവയാണ് മയ്യിലിലെ ജനകീയസംഘകൃഷിയുടെ മുഖ്യസവിശേഷത. സംസ്ഥാനവ്യാപകമായി ഹരിത കേരളം മിഷനില്‍ മയ്യിലിലെ ജനകീയ കൃഷി ക്യാമ്പയിന്‍ മോഡലായി അവതരിപ്പിക്കുന്നതിന്റെ കൂടി ഭാഗമാണ് ഡോക്യുമെന്ററി. നിലമൊരുക്കല്‍, ഞാറ്റടി, നടീല്‍, കൊയ്ത്ത്, മെതി, സംസ്‌ക്കരണം എന്നിങ്ങനെ ആദ്യാവസാനമുള്ള പ്രവൃത്തികളില്‍ സമ്പൂര്‍ണ്ണ യന്ത്രവല്‍ക്കരണം നടപ്പാക്കിയതും ഇതാദ്യമാണ്. ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉയര്‍ന്ന വിലക്ക് നെല്ല് സംഭരിച്ച് സംസ്‌ക്കരിച്ച് പ്രാദേശികമായി വിപണനവും ഉറപ്പാക്കി. ഇതിനായി കര്‍ഷകരുടെ ഉടമസ്ഥതയില്‍ മയ്യില്‍ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും ആരംഭിച്ചു. ഒരു കോടി രൂപയാണ് കമ്പനിയുടെ ആദ്യ വര്‍ഷത്തെ ടേണ്‍ഓവര്‍. മയ്യില്‍ സമൃദ്ധി റൈസ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇതിന്റെ വിപണനം. നെല്ല് കുത്തി അരിയാക്കുന്നതിന് 233 മിനി റൈസ് മില്ലുകള്‍ കമ്പനി മുഖേന വിതരണം ചെയ്തു.
കണ്ണൂര്‍ പി.ആര്‍.ഡി ചേമ്പറില്‍ 2018 ഫെബ്രുവരി 2 ന് നടന്ന ചടങ്ങില്‍ കളക്ടര്‍ മീര്‍ മുഹമ്മദലി ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്തിന് അനുയോജ്യമായ വികേന്ദ്രീകൃത വികസന രീതിയുടെ ഉത്തമ മാതൃകയാണ് മയ്യില്‍ പഞ്ചായത്ത് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അധ്യക്ഷനായി. മയ്യില്‍ കൃഷി ഓഫീസര്‍ പി.കെ രാധാകൃഷ്ണന്‍ സംവിധാനവും ക്യാമറയും. പി.പി സതീഷ്‌കുമാറാണ് രചന.