മലപ്പുറം ജില്ലയെ മാലിന്യമുക്തമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുന്നു
മലപ്പുറം ജില്ലയെ പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിന് സമഗ്രമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. ‘മാലിന്യ സംസ്‌ക്കരണം – പഞ്ചായത്തുകള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങിയാല്‍ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്തമായ ജലാശയങ്ങള്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലെ ശുചിത്വം, പൊതുനിരത്തുകളുടെ അവസ്ഥ എന്നിവ നോക്കിയാണ് ഒരു പഞ്ചായത്തിന്റെ വികസനം വിലയിരുത്തേണ്ടതെന്ന് ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍ പറഞ്ഞു. സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സൂചകങ്ങള്‍ മാറ്റിയാല്‍ മികച്ചതെന്ന് ഇപ്പോള്‍ വിലയിരുത്തപ്പെട്ട പല തദ്ദേശഭരണ സ്ഥാപനങ്ങളും പിറകോട്ടുപോകും. ശുചിത്വത്തിന്റെ കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല. നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചങ്കൂറ്റം കാണിക്കാത്തതെന്താണെന്ന് സ്വയം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രാജു മോഡറേറ്ററായിരുന്നു.