ഏഴ് വകുപ്പുകള്‍ സംയോജിപ്പിച്ച് കാനാമ്പുഴ നീര്‍ത്തട വികസന പദ്ധതി
ഹരിതകേരള പദ്ധതിയില്‍ ഏഴ് വികസന വകുപ്പുകളെ സംയോജിപ്പിച്ച് കാനാമ്പുഴ നീര്‍ത്തട വികസന പദ്ധതിക്ക് അന്തിമരൂപം നല്‍കി. കൃഷി, മൃഗസംരക്ഷണം, മണ്ണ്-ജല സംരക്ഷണം, ജലസേചനം, ക്ഷീരവികസനം, ഫിഷറീസ്, ടൂറിസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വികസന പദ്ധതികള്‍ തയ്യാറാക്കിയത്.
കാനാമ്പുഴ, തയ്യില്‍, നരങ്ങോട്ട്, കൂടത്തില്‍ താഴെ എന്നീ നാല് സൂക്ഷ്മ നീര്‍ത്തടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പദ്ധതികള്‍. ചടയമംഗലം മണ്ണ് പര്യവേക്ഷണ ഗവേഷണ സ്ഥാപനമാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജലസേചന വകുപ്പ് തയ്യാറാക്കിയ 49.5 കോടി രൂപയുടെ നദീതട സംരക്ഷണ പദ്ധതിയും കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ഡയറി, ചെറുകിട ജലസേചനം, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളുടെ 48 കോടി രൂപയുടെ കരട് പദ്ധതികളും ശില്‍പശാലയില്‍ അവതരിപ്പിച്ചു. പദ്ധതിയുടെ അന്തിമരൂപം തിരുവനന്തപുരത്ത് നടക്കുന്ന ഹരിതകേരളം എക്‌സിക്യുട്ടീവ് യോഗത്തില്‍ അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്തില്‍ നടന്ന ശില്‍പ്പശാലയില്‍ കാനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍.ചന്ദ്രന്‍ അധ്യക്ഷനായി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.സുഹാസിനി, സി.കെ സുലോചന എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രേമാനന്ദ് പദ്ധതി വിശദീകരിച്ചു. കൃഷി, മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് ജില്ലാതല ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്ലാനിംഗ് ബോര്‍ഡ് കണ്‍സള്‍ട്ടന്റ് ടി.ഗംഗാധരന്‍ നീര്‍ത്തടാധിഷ്ഠിതം പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അബ്ദുള്‍സമദ് സ്വാഗതവും വി.വി പ്രകാശന്‍ നന്ദിയും പറഞ്ഞു.