ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികം, ഹരിത സംഗമം 2017, വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക് ഒഴിവാക്കി ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെട്ട വിശിഷ്ട വ്യക്തികള്‍ക്ക് തഴവ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ തയ്യാറാക്കിയ തഴ കൊണ്ടുള്ള ചെറിയ ബോക്സും സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നിര്‍മ്മിച്ച തുണി സഞ്ചിയും പച്ചക്കറി വിത്തുകളും സമ്മാനിച്ചു. സദസിലും തുണിസഞ്ചിയും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

ഹരിതകേരളം മിഷന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളുടെ പ്രദര്‍ശനം ഒരുക്കിയിരുന്നു. മാലിന്യ സംസ്‌കരണവും ശുചിത്വവും വെല്ലുവിളിയുയര്‍ത്തിയ വേളയിലാണ് ഹരിതകേരളം മിഷന്‍ നടപ്പാക്കിയതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ജൈവപച്ചക്കറി കൃഷി ഗ്രാമങ്ങള്‍ ക്കൊപ്പം നഗരങ്ങളും ഏറ്റെടുത്തു. വീട്ടു മുറ്റത്തും മട്ടുപ്പാവിലും വ്യാപകമായി കൃഷി നടന്നു. അടുക്കളത്തോട്ടം തിരികെക്കൊണ്ടുവരാനായത് മിഷന്റെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഹരിതകേരളം വാര്‍ത്താപത്രിക മന്ത്രി മാത്യു ടി. തോമസിനു നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രയത്നിച്ചതിന്റെ ഫലമാണ് ഹരിതകേരളം പദ്ധതിയുടെ വിജയമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഹരിത കേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ ഒരു പുതിയ സംസ്‌കാരം രൂപപ്പെട്ടതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയില്‍ നടപ്പാക്കിയ ജലസമൃദ്ധി പദ്ധതിയുടെ സി. ഡി പ്രകാശനം മന്ത്രി നിര്‍വഹിച്ചു. എ. സമ്പത്ത് എം. പി സി. ഡി ഏറ്റുവാങ്ങി. സംസ്ഥാനത്ത് തരിശായിക്കിടക്കുന്ന കൃഷിയോഗ്യമായ സ്ഥലങ്ങള്‍ കൃഷിയിലേക്ക് തിരികെക്കൊണ്ടുവരണമെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാര്‍ പറഞ്ഞു. ഇതോടൊപ്പം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണ മെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഹരിതകേരളം ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ഹരിതകേരളം മിഷന്‍ രണ്ടോ മൂന്നോ കൊല്ലത്തി നുള്ളില്‍ ലക്ഷ്യങ്ങള്‍ കൈവരിച്ച് ഇന്ത്യയ്ക്കു തന്നെ മാതൃകയാകുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് ആധാരമായ പദ്ധതിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശുചിത്വ മാതൃകകളടങ്ങിയ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM