100 കുളം-മൂന്നാംഘട്ടം പദ്ധതിക്ക് ആമ്പല്ലൂരില്‍ തുടക്കം
എറണാകുളം ജില്ലയില്‍ ‘100 കുളം മൂന്നാം ഘട്ടം’ പദ്ധതിക്ക് 2018 മാര്‍ച്ച് 4 ന് തുടക്കമായി. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖാന്തിരവും കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സി.എസ്.ആര് ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആമ്പല്ലൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചമ്പക്കുളം ശുചീകരണത്തോടെ ജില്ലയിലെ കുളങ്ങളുടെ നവീകരണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ഈ വേനല്ക്കാലത്തു തന്നെ മൂന്നുമാസം കൊണ്ട് 100 കുളങ്ങളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. 2016 ല്‍ എന്റെ കുളം എറണാകുളം പദ്ധതിയില്‍ 55 കുളങ്ങളും 2017 ല്‍ 50 ദിവസം നൂറുകുളം പദ്ധതിയില്‍ 151 കുളങ്ങളും നവീകരിക്കാനായി. തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും എന്‍.എസ്.എസ് വോളന്റിയേഴ്സിന്റെയും കുടുംബശ്രീ, നെഹ്റു യുവ കേന്ദ്ര എന്നിവയുടെയും സഹകരണ-പങ്കാളിത്തത്തോടെയാണ് പ്രവൃത്തികള്‍ നടപ്പാക്കിയത്.