വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം: ഡോ.ടി.എന്‍.സീമ
അടുത്ത വേനലിനെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹരിതകേരളം ജില്ലാ മിഷന് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.ടി.എന്‍.സീമ. ഇതിന്റെ മുന്നോടിയായി ജില്ലയിലെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, നീരുറവകള്‍ തുടങ്ങി മുഴുവന്‍ ജലസ്രോതസ്സുകളെയും ശുചീകരിക്കുന്നതിന് പദ്ധതിയാവിഷ്ക്കരിക്കണം. മാര്‍ച്ച് മാസത്തില്‍ ഈ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും അവര്‍ പറഞ്ഞു.
ജില്ലയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഇതിനകം 266 കിണറുകള്‍ നിര്‍മ്മിച്ചതായി യോഗം വിലയിരുത്തി. 1344 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്തു. 467 ചെക്ക് ഡാമുകള്‍ 668,246 മഴക്കുഴികള്‍, 54 കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ചു.
ഹരിതകേരളം മിഷന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ 5200 ഹെക്ടര്‍ നെല്‍കൃഷി ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 528 ഹെക്ടര്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി. 210 ഹെക്ടറില്‍ കരനെല്‍കൃഷിയും ആരംഭിച്ചു. ജില്ലയില്‍ 20 ഹെക്ടര്‍ വീതമുള്ള 10 ക്ലസ്റ്ററുകളിലായി 200 ഹെക്ടര്‍ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി പുരോഗമിച്ചുവരികയാണെന്നും യോഗം വിലയിരുത്തി.
കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കിയതായും യോഗം വിലയിരുത്തി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അടുത്ത പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ നടുന്നതിനു വേണ്ടിയുള്ള ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ പഞ്ചായത്തുകളിലും ഫാമുകളിലുമായി പുരോഗമിച്ചുവരികയാണ്. മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള ഹരിതകര്‍മ്മസേന രൂപീകരണം ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം പൂര്‍ത്തിയായതായും യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി, ഹരിതകേരളം മിഷന് സംസ്ഥാന കണ്‍സള്‍ട്ടന്റ് ടി.പി സുധാകരന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന് തുടങ്ങിയവര്‍ നേതൃത്വം നല്കി.