ഉദയഗിരിയിലെ കാര്‍ത്തികപുരം തുരുത്തുകള്‍ ഹരിതാഭമാകുന്നു
തുരുത്തുകളില്‍ മുളകള്‍ നട്ടുപിടിപ്പിച്ച് മാതൃകയാവുകയാണ് കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിലെ ഭരണ സമിതിയും ജീവനക്കാരും നാട്ടുകാരും. ഹരിതകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1200 മുളതൈകളാണ് കാര്‍ത്തികപുരം തുരുത്തുകളില്‍ ഇതിനോടകം വച്ചു പിടിപ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ പ്രധാന പുഴകളിലൊന്നായ കൊപ്പം പുഴയുടെ ഉദ്ഭവ സ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റര്‍ മാറി കാര്‍ത്തികപുരം തുരുത്തുകളാണ് ഇപ്രകാരം ഹരിതാഭമാക്കുന്നത്. മുളകള്‍ കൂടാതെ വ്യത്യസ്ത ഇനം ചെടികളും വൃക്ഷത്തൈകളും വച്ചു പിടിപ്പിക്കാനായിട്ടുണ്ട്.
കര്‍ണ്ണാടക വനത്തില്‍ നിന്നാണ് ഇതിനായി മുള തൈകള്‍ കൊണ്ടുവന്നത്. ചാണകവും എല്ലുപൊടിയും ചേര്‍ന്നുള്ള ജൈവ മിശ്രിതമാണ് നടാനുപയോഗിച്ചത്. കഴിഞ്ഞ ജൂലൈയില്‍ തൈകള്‍ നട്ടശേഷം കൃത്യമായി ജലസേചനം നടത്തുകയും പരിചരിക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം കൂടിയായപ്പോള്‍ തുരുത്തു സംരക്ഷണം സജീവമായി. തുരുത്തുകള്‍ സംരക്ഷിക്കപ്പെടുന്നതോടെ പുഴയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുകയാണിവിടെ. ജലസമ്പത്തിനൊപ്പം നഷ്ടപ്പെട്ട ജൈവസമ്പത്തും തിരിച്ചു പിടിക്കാനാവുന്നത് മറ്റൊരു നേട്ടം.