പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ വിതരണം ചെയ്ത ഭൂരിഭാഗം വൃക്ഷത്തൈകളും നല്ലരീതിയിൽ പരിപാലിക്കപ്പെടുന്നതായി സർവേ റിപ്പോർട്ട്. വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വകുപ്പ് നടത്തിയ സർവേയിലാണ് മിഷൻ മുഖേന വിതരണംചെയ്ത 66ലക്ഷം വൃക്ഷത്തൈകളിൽ 62.53 ശതമാനവും പരിപാലിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞവർഷം സംസ്ഥാനത്ത് 86 ലക്ഷം വൃക്ഷത്തൈകളാണ് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിച്ചത്. ഈ വർഷം മൂന്നുകോടി വൃക്ഷത്തൈ വയ്ക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷവും ഈ വർഷവും പരിസ്ഥിതിദിനത്തിൽ നട്ട വൃക്ഷത്തൈകൾ പരിപാലിക്കുന്നതിൽ പത്തനംതിട്ടയാണ് മുന്നിൽ. 2017ൽ 75.70 ശതമാനവും 2018ൽ 82.86 ശതമാനവും തൈകൾ പത്തനംതിട്ടക്കാർ സംരക്ഷിച്ചു. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്ത് ആലപ്പുഴ ആയിരുന്നുവെങ്കിൽ ഈ വർഷം കാസർഗോഡാണ് രണ്ടാംസ്ഥാനത്ത്.

കേരളത്തിന്റെ വിവിധ പദ്ധതികൾക്കുവേണ്ടി വെട്ടിമാറ്റിയ മരങ്ങൾക്കുപകരം പതിനായിരക്കണക്കിന് വൃക്ഷത്തെകളാണ് ഹരിതകേരളം മിഷനും വനംവകുപ്പും ചേർന്ന് വച്ചുപിടിപ്പിച്ചത്. കഴക്കൂട്ടം- മുക്കോല ബൈപ്പാസ് നിർമാണത്തിനു വേണ്ടി മുറിച്ച മരങ്ങൾക്കു പകരം കഴക്കൂട്ടം സൈനിക സ്കൂൾ അങ്കണത്തിൽ 32,000 തൈകളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ ഡിയം പരിസരത്ത് രണ്ടായിരം മരവും നട്ടു. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മുറിച്ച മരങ്ങൾക്കു പകരം കഴക്കൂട്ടം സൈനിക സ്കൂൾ അങ്കണത്തിൽ 16,840 തൈ നടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിവിധ ബൈപ്പാസ് നിർമാണത്തിനു വേണ്ടി മുറിച്ചവയ്ക്ക് പകരം 16840 തൈ വച്ചുപിടിപ്പിക്കാനും തീരുമാനിച്ചു. തേക്ക്, ആഞ്ഞിലി, പ്ലാവ്, കശുമാവ്, ബദാം, പുളി, നെല്ലി, മാവ്, ചന്ദനം, രക്തചന്ദനം, വേങ്ങ, പേര, ഞാവൽ, ഈട്ടി തുടങ്ങി ഇരുപതോളം വൃക്ഷത്തകളാണ് ഇക്കാലയളവിൽ നട്ടുപിടിപ്പിച്ചത്.

സ്കൂൾ, കോളേജ് വിദ്യാർഥികൾ, എൻഎസ്എസ്, എൻസിസി, എസ്‌പിസി, വിവിധ രാഷ്ട്രീയ പാർടികൾ, സന്നദ്ധ-സാംസ്കാരിക സംഘടനകൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിപാലനം. ഏറ്റെടുത്തിരിക്കുന്ന ഭൂരിഭാഗം സംഘടനകളും വൃക്ഷത്തെകളുടെ പരിപാലനം ഉറപ്പാക്കുന്നുണ്ടെന്നും സർവേയിൽ പറയുന്നു. കേരളത്തിന്റെ മണ്ണും ജലവും കാർഷികസമൃദ്ധിയും തിരിച്ചു പിടിക്കാനാണ് സർക്കാർ ഹരിതകേരളം മിഷന് തുടക്കം കുറിച്ചത്. കൃഷി, ജല സംരക്ഷണം, ശുചിത്വപരിപാലനം, പത്തനംതിട്ടയിലെ വരട്ടാർ പുഴയുടെ പുനരുജ്ജീവനം ഉൾപ്പെടെ നിരവധി പദ്ധതികൾ മിഷൻ ഏറ്റെടുത്ത് നടപ്പാക്കിക്കഴിഞ്ഞു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM