കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജൈവകൃഷി വ്യാപനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. ടിക്കാറാം മീണ ഐ.എ.എസ്. പറഞ്ഞു. ഹരിതകേരളം മിഷന്റെ ഉപദൗത്യങ്ങളിലൊന്നായ കൃഷി വികസന ഉപമിഷന്റെ ‘സുജലം സുഫലം’ ദൗത്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഗവ. ഗസ്റ്റ് ഹൗസില്‍ 2017 നവംബര്‍ 25 ന് സംഘടിപ്പിച്ച കൃഷി മാര്‍ഗ്ഗരേഖ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമങ്ങളിലൂടെ വിഷ രഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന്റെ ഗുണഫലങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് കൃഷിവികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ക്കും അവയുടെ നടത്തിപ്പിനും കൂടുതല്‍ ഫലപ്രദമായ ഏകോപനം ആവശ്യമാണെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അഭിപ്രായപ്പെട്ടു. കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ പ്രായോഗികാനുഭവ സമ്പത്ത് പദ്ധതികള്‍ക്ക് ദിശാബോധം നല്‍കുമെന്നും ശില്പശാലയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച ഡോ. ടി.എന്‍. സീമ പറഞ്ഞു. ‘സുജലം സുഫലം’ കൃഷി ഉപമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരട് ചര്‍ച്ച ചെയ്യാനും അന്തിമരൂപം തയ്യാറാക്കാനുമാണ് ശില്പശാല സംഘടിപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം, വനം, സാമൂഹ്യ വനവത്കരണം, ക്ഷീരവികസനം, മണ്ണ് സംരക്ഷണം, ഭാരതീയ ചികിത്സാ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മറ്റ് സാങ്കേതിക വിദഗ്ധരും ശില്പശാലയില്‍ പങ്കെടുത്തു.

നീര്‍ത്തടാധിഷ്ഠിത വികസനം, കാര്‍ഷിക മേഖലയിലെ കീഴ്തട്ടുമുതല്‍ മുകള്‍തട്ടു വരെ ഉള്ളവരെ ഉള്‍പ്പെടുത്തി ആസൂത്രണവും നിര്‍വ്വഹണവും, ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള കൃഷിവികസനം, ഉത്തമ ജൈവകൃഷി വ്യാപനം, സമ്മിശ്ര കൃഷിയുടേയും സംയോജിത കൃഷിയുടേയും പ്രോത്സാഹനം, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര പരിപാലനവും മാലിന്യ സംസ്‌കരണവും തുടങ്ങിയ വിഷയങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു.

 

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM