പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷത്തൈകളുടെ കണക്കെടുപ്പും സ്ഥിതി പരിശോധനയും സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 5 ന് സംസ്ഥാനമൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും അനുബന്ധ വിവര ശേഖരണത്തിനുമായി ഒക്ടോബര്‍ 2 മുതല്‍ സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിതവാരം ആചരിച്ചു. നട്ടമരങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ? ആവശ്യമായ തുടര്‍ സംരക്ഷണം ലഭിക്കുന്നുണ്ടോ? ചെടിക്ക് വേണ്ടത്ര ആരോഗ്യമുണ്ടോ? ഇല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്? ചെടി നശിച്ചു പോയെങ്കില്‍ എന്താണതിന് കാരണം? എന്തെല്ലാമാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍? തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തിയത്. വൃക്ഷവത്കരണത്തിന് മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ മറിച്ച് പരിപാലനത്തിലൂടെ അവയ്ക്ക് വളരാനുള്ള പിന്തുണയും നല്കണമെന്ന സന്ദേശമാണ് ഈ യജ്ഞത്തിലൂടെ ഹരിതകേരളം മിഷ9 നല്കിയത്.
സാമൂഹ്യപങ്കാളിത്തത്തോടെ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള ഇടപെടലായിരുന്നു ഹരിതവാരാചരണം. കേരളത്തിന്റെ പാരിസ്ഥിതിക സമനില സംരക്ഷിക്കുക, പാരിസ്ഥിതിക സംരക്ഷണത്തോടുള്ള ഉത്തരവാദിത്വം പൌരസമൂഹത്തില് വ്യാപകമാക്കുക എന്നിവയും ഇതിലൂടെ ഹരിതകേരളം മിഷന് ലക്ഷ്യമിടുന്നു.
2017-18 ലെ സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം 3 കോടി വൃക്ഷത്തൈകള്‍ നടും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഒരു കോടിയിലധികം തൈകളാണ് ഇതിനകം നട്ടത്. തൈകള്‍ നടാന്‍ നേതൃത്വം നല്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍,കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിവിധ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബുകള്‍ എന്നിവ നയിക്കുന്ന പ്രത്യക ടീമുകളാണ് തൈകളുടെ കണക്കെടുപ്പും പരിശോധനയും നടത്തിയത്. പരിശോധനാ റിപ്പോര്‍ട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ബജറ്റ് പ്രഖ്യാപനം പൂര്‍ണമായും നടപ്പിലാക്കാനായി വരുന്ന ജൂണ്‍ അഞ്ചിന് മുന്‍പ് 2 കോടി വൃക്ഷത്തൈകള്‍ കൂടി നടാനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ഇതിനകം തന്നെ ഹരിതകേരളം മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. വനം വകുപ്പുതയ്യാറാക്കുന്ന വൃക്ഷത്തൈകള്‍ക്ക് പുറമേ ഹരിതകേരളം മിഷനും മഹാത്മാ ഗാന്ധി തൊഴിലുറപ്പ് മിഷനും കുടുംബശ്രീയും ചേര്‍ന്ന് ഇതിനാവശ്യമായ തൈകള്‍ തയ്യാറാക്കാനാണ് പദ്ധതി.